Sorry, you need to enable JavaScript to visit this website.

ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ല,  കൊടി സുനിയും സംഘവുമെന്ന് വീണ്ടും സിബിഐ

കൊച്ചി- സിപിഎം നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ട തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വാദിക്കുന്നത്. ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ പങ്കുണ്ടെന്നും സിബിഐ ആവര്‍ത്തിക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ് ശരിയെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. 2006 ഒക്ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയിരുന്നു.
എന്നാല്‍ സുബീഷിന്റെ ഈ വെളിപ്പെടുത്തല്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈ 7നാണ് കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു സിബിഐയോട് കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരക് ഉള്‍പ്പടെയുള്ളവരാണ് ഫസലിനെ വധിച്ചതെന്ന സുബീഷിന്റെ മൊഴിയില്‍ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുള്‍ സത്താറിന്റെ ഹര്‍ജിയിലെ ആവശ്യം. വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസാണ് തലശ്ശേരി ഫസല്‍ വധം. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം തുടക്കം മുതല്‍ ആരോപിച്ചിരുന്നു. ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ സിബിഐ ഏറ്റെടുത്ത ആദ്യകേസ് കൂടിയാണ് ഫസല്‍ വധം. ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് ഫസല്‍ വധത്തെ കുറിച്ച് പോലീസിന് നല്‍കിയ മൊഴിയുടെ വീഡിയോ ചാനലുകളിലൂടെ പുറത്തായത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് വഴി വച്ചത്. ഫസലിനെ താന്‍ ഉള്‍പ്പെടുന്ന സംഘം എങ്ങനെയാണ് വധിച്ചത് എന്ന് സുബീഷ് വീഡിയോ ദൃശ്യത്തില്‍ വിവരിക്കുന്നുണ്ടായിരുന്നു.
സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സ്വദേശി സുബീഷാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സുബീഷിന്റെ മൊഴി. ഇതോടെ ഫസല്‍ വധക്കേസില്‍ കാരായിമാര്‍ നിരപരാധികളാണെന്ന വാദം ശക്തമായി. എന്നാല്‍ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് തന്റെ മൊഴി നിഷേധിച്ചു. പോാലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു.
എന്നാല്‍, അടുത്ത ദിവസം തന്നെ സുബീഷ് കൊലപാതകത്തെ കുറിച്ച് ഒരു ആര്‍എസ്എസ് നേതാവിനോട് വിവരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ഇത് ഫസലിന്റെ സഹോദരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ സുബീഷ് മുമ്പ് നല്‍കിയ മൊഴിയില്‍ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചിട്ടില്ല എന്ന് പറഞ്ഞെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഫസലിന്റെ സഹോദരന്‍മാര്‍ ഇരുവരും കൊലപാതകം സിപിഎം നടത്തിയതല്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഫസലിന്റെ ഭാര്യയും സഹോദരിയും നിലവില്‍ സിബിഐ കണ്ടെത്തിയ പ്രതികള്‍ തന്നെയാണ് കുറ്റക്കാര്‍ എന്നാണ് അഭിപ്രായപ്പെടുന്നത്.
 

Latest News