തീരാത്ത മഴക്കാലം, കേരളത്തില്‍   യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം- സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ കിട്ടുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാത്രി 15 മിനുട്ട് ശക്തമായ മഴപെയ്തപ്പോഴാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മുന്നിലെ റോഡില്‍ വെള്ളംകയറിയത്. തമ്പാനൂര്‍ ബസ്‌റ്റോപ്പിന് മുന്നിലും വെള്ളക്കെട്ടുണ്ടായി. റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയവരും ഇരുചക്രവാഹനയാത്രക്കാരും നന്നേ ബുദ്ധിമുട്ടി.


 

Latest News