ബാലികയുടെ മരണം, ചികിത്സ നടത്തിയ ഉസ്താദിന് വനിതാ സഹായികള്‍

കണ്ണൂര്‍- മന്ത്രവാദ ചികിത്സയെത്തുടര്‍ന്ന് ബാലിക മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പരാതി. കണ്ണൂര്‍ സിറ്റി സ്വദേശിനി ഫാത്തിമയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ സിറ്റി കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന് പുറമെ ഇയാളുടെ സഹായികളായ സ്ത്രീകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

അതിനിടെ, അറസ്റ്റിലായ ഉവൈസ് ഉസ്താദ്, കുട്ടിയുടെ പിതാവ് അബ്ദുല്‍ സത്താര്‍ എന്നിവരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചികിത്സ കിട്ടാതെ 11 വയസ്സുകാരി ഫാത്തിമ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. ഉവൈസും ജിന്നുമ്മ എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ ഭാര്യാമാതാവ് ഷഹീബയും ചേര്‍ന്നാണ് പലരേയും ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നതെന്നാണ് പരാതി.

ജിന്നുമ്മയ്ക്ക് പുറമെ മറ്റൊരു സ്ത്രീയും ചികിത്സയില്‍ സഹായികളായി ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഉവൈസ് ഉസ്താദിന്റെ ചികിത്സയ്ക്ക് സഹായികളായി എന്നതിന് പുറമെ ഈ ചികിത്സയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നതും ഈ രണ്ട് സ്ത്രീകളായിരുന്നു. ഉസ്താദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് ഈ പ്രദേശത്തെ സ്ത്രീകള്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നതും ഇവരായിരുന്നു.

ഡോക്ടര്‍മാര്‍ പിശാചുക്കളാണെന്നും ആശുപത്രിയില്‍ വെച്ച് മരിച്ചാല്‍ നരകത്തില്‍ പോകുമെന്നുമായിരുന്നു ഇവരുടെ പ്രധാന പ്രചാരണം. മാത്രമല്ല കോവിഡ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. ഉവൈസ് ഉസ്താദും ജിന്നുമ്മയും വാക്‌സിന്‍ എടുത്തിട്ടില്ല. മാത്രമല്ല, കുടുംബത്തിലുള്ളവരെ വാക്‌സിന്‍ എടുക്കാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയുടെ പ്രസവവും വീട്ടില്‍ വെച്ചായിരുന്നു. ഒരിക്കല്‍ പോലും ഇവരെ ആശുപത്രിയില്‍ കാണിക്കുകയോ, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
ഉവൈസിന്റെ നേതൃത്വത്തിലുള്ള മന്ത്രവാദ ചികിത്സ മൂലം തന്റെ കുടുംബത്തില്‍ മാത്രം മൂന്നു പേര്‍ മരിച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയ ഉവൈസിന്റെ ബന്ധു കൂടിയായ പൊതുപ്രവര്‍ത്തകന്‍ സിറാജ് പോലീസിന് മൊഴി നല്‍കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കുടുംബത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് പോലീസ് വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിലും സിറാജ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. വ്യാജ ചികിത്സയെ എതിര്‍ത്തതിന്റെ പേരില്‍ കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നു. പ്രാകൃത ചികിത്സയെ എതിര്‍ത്തതിന്റെ പേരിലും, വാക്‌സിനെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയതിന്റെ പേരിലും സിറാജിനെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും ലഹരിക്കടിമയാണെന്ന് പ്രചരിപ്പിക്കാനും നീക്കം നടന്നതായി സമീപവാസികളും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാതൃസഹോദരിയുടെ മകന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഉവെസ് ഉസ്താദ് വന്ന് നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഇവരുടെ ചികിത്സയില്‍ ആരോഗ്യനില മോശമായി യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അര്‍ധ സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച തന്നെ, ഉവൈസും അയാളുടെ ഭാര്യാ സഹോദരനും ചേര്‍ന്ന് കയ്യേറ്റം ചെയ്യാനും ശ്രമിച്ചതായി സിറാജ് മൊഴി നല്‍കിയിട്ടുണ്ട്. സിറാജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇതേ കുടുംബത്തില്‍ ഇതിനു മുന്‍പ് നടന്ന മൂന്നു മരണങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് . സിറാജിന്റെ മാതാവ് സഫിയയുടേത് ഉള്‍പ്പെടെയുള്ള മരണങ്ങളാണിത്. സഫിയയുടെ മകന്‍ അഷ്‌റഫ്, സഹോദരി നഫീസ എന്നിവരും വ്യാജ ചികിത്സയുടെ ഇരകളാണെന്നാണു പരാതി. ഫാത്തിമയെ കൂടാതെ കുറുവ സ്വദേശി ഇഞ്ചിക്കല്‍ അന്‍വര്‍ എന്നയാളുടെ മരണത്തിനും ഇമാമിന്റെ ചികിത്സ കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സഫിയയുടെ സഹോദരിയുടെ കൊച്ചുമകളുടെ ഭര്‍ ത്താവാണ് ഉവൈസ്. വ്രതമെടുക്കല്‍, മന്ത്രിച്ച് വെള്ളം നല്‍കല്‍ എന്നിങ്ങനെയാണ് ഇമാമിന്റെ ചികിത്സയെന്ന് സിറാജ് പറയുന്നു. ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സിറാജില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഉസ്താദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും, ഉസ്താദിന് പ്രത്യേക സിദ്ധികളുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ടതിനാല്‍ പലരും ഭയം മൂലം പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.

 

Latest News