ചൈനീസ് കമ്യൂണിസ്റ്റ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി ടെന്നീസ് താരം

ബെയ്ജിംഗ്- ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളിലൊരാളും മുന്‍ ഉപ പ്രധാനമന്ത്രിയുമായ ഷാങ് ഗാവോലി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തി ടെന്നീസ് താരം പെങ് ഷുവായ്.

ചൈനയിലെ പ്രശസ്ത കായിക താരവും മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് ഡബിള്‍സ് താരവുമാണ് പെങ്. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് പെങ്  പരസ്യമായി ആരോപണം ഉന്നയിച്ചത്. അധികം വൈകാതെ ഈ പോസ്റ്റ് അപ്രത്യക്ഷമായി.

എന്നാല്‍ പെങിന്റെ വെരിഫൈഡ് വെയ്‌ബോ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചു. ചൈനീസ് ഭരണകൂടത്തിന്റെ  സുപ്രധാന  തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അംഗമായ ഷാങ് ഗാവോലി തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും പിന്നീട് പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്തിയെന്നും താരം വെളിപ്പെടുത്തി.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അരമണിക്കൂറിനുള്ളില്‍തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു. അതേസമയം, ചൈനയില്‍ കര്‍ശന നിയന്ത്രണമുള്ള ഇന്റര്‍നെറ്റില്‍ പെങ്ങിന്റെ പേരിനായുള്ള തിരച്ചില്‍ കുതിച്ചുയുര്‍ന്നു.  
തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നല്‍കാനാവില്ലെന്നും പെങ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

Latest News