ന്യൂയോര്‍ക്ക്- നടന്‍ വില്യം ഷാറ്റ്‌നറിന് മുമ്പ് ആമസോണ്‍ കോടീശ്വരന്‍ ജെഫ് ബെസോസ് തനിക്ക് ബഹിരാകാശ യാത്രയില്‍ സീറ്റ് വാഗ്ദാനം ചെയ്ത കാര്യം സ്ഥിരീകരിച്ച് നടന്‍ ടോം ഹാങ്ക്‌സ്.
28 ദശലക്ഷം ഡോളര്‍ വലിയ തുകയായതു കൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നും ഹാങ്ക്‌സ് പറഞ്ഞു.
'ജിമ്മി കിമ്മല്‍ ലൈവ്' പരിപാടിയില്‍ അതിഥിയായെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ടോം ഹാങ്ക്‌സ്.
കഴിഞ്ഞ മാസമാണ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്‍ വിക്ഷേപിച്ച പേടകത്തില്‍ നടന്‍ വില്യം ഷാറ്റ്‌നര്‍ ബഹിരാകാശ യാത്ര നടത്തിയത്. ഷാറ്റ്‌നര്‍ക്കു മുമ്പ് ആമസോണ്‍ കോടീശ്വരന്‍ സമീപിച്ചിരുന്നു എന്നത് ശരിയാണോ എന്ന് ഷോ ഉദ്ഘാടനം ചെയ്തുകൊണ്ട് കിമ്മല്‍ 65 കാരനായ നടനോട് ചോദിക്കുകയായിരുന്നു.
പണം നല്‍കിയാല്‍ പോകാമായിരുന്നുവെന്നും ഓഫര്‍ ഉണ്ടായിരുന്നുവന്നും ഹാങ്ക്‌സ് പറഞ്ഞു.
നിങ്ങള്‍ക്കറിയാമോ, ഇതിന് 28 മില്യണ്‍ ഡോളറാണ് ചെലവ്. പക്ഷേ ഞാന്‍ അതു നല്‍കാന്‍ തയാറായിരുന്നില്ല- ഹാങ്ക്‌സ് കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശത്തേക്ക് പറക്കുക എന്ന ആശയം തന്നെ തനിക്ക് ബോധിച്ചിട്ടില്ലെന്നും പറക്കുന്ന അനുഭവം ആര്‍ക്കും സ്വയം നേടാമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ബഹിരാകാശത്തേക്ക് പോകുന്നതിന്റെ അനുഭവം അനുകരിക്കാം. ഇത് ഏകദേശം 12 മിനിറ്റ് ഫ്‌ളൈറ്റാണ് അത്രയേയുള്ളൂ. നമുക്കെല്ലാവര്‍ക്കും ഇവിടെ തന്നെ സീറ്റുകളില്‍ ഇരുന്ന് അത് ചെയ്യാം- വിമാന യാത്രയെ അനുകരിച്ചുകൊണ്ട് ഹാങ്ക്‌സ് പറഞ്ഞു.
28 ദശലക്ഷം ഡോളര്‍ ചെലവഴിക്കേണ്ടതില്ല. എനിക്ക് അത് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയും- നടന്‍ പറഞ്ഞു.






