സൗദിയില്‍ ടാക്‌സികള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം വരുന്നു

റിയാദ് - ടാക്‌സി കാറുകളുമായി ബന്ധപ്പെട്ട പൊതുഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി  ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന പുതിയ സംവിധാനം ഡിസംബര്‍ അഞ്ചു മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത് പിഴകള്‍ ചുമത്തുന്ന സാഹിര്‍ (അഡ്വാന്‍സ്ഡ് ട്രാഫിക് സേഫ്റ്റി പ്രൊജക്ട്) സംവിധാനവുമായി സഹകരിച്ചാണ് പൊതുഗതാഗത നിയമ ലംഘനങ്ങളും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.
ടാക്‌സി കാറുകളുടെ നിയമ സാധുത, കാറുകളുടെ പ്രവര്‍ത്തന കാലം, ഓപ്പറേഷന്‍സ് കാര്‍ഡ്, നിയമ, സുരക്ഷാ വ്യവസ്ഥകള്‍ എന്നിവയാണ് ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുക. ടാക്‌സികള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുന്ന രീതിക്കു പകരം, തടസ്സങ്ങള്‍ കൂടാതെ സേവന തുടര്‍ച്ചയും വാഹന ഗതാഗതവും ഉറപ്പുവരുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
ഡിസംബര്‍ അഞ്ചിന് നിലവില്‍വരുന്ന ആദ്യ ഘട്ടത്തില്‍ ടാക്‌സി കാറുകളുടെ ഭാഗത്തുള്ള പൊതുഗതാഗത നിയമ ലംഘനങ്ങളാണ് ഈ രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുക. പിന്നീട് ഇത് വിപുലമാക്കി ബസുകളും ലോറികളും പദ്ധതി പരിധിയിലാക്കും. പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നിയമ സാധുത ഉറപ്പുവരുത്താനും പൊതുസുരക്ഷ സംരക്ഷിക്കാനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പുതിയ പദ്ധതിയിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
കാലാവധി അവസാനിച്ച ഓപ്പറേഷന്‍സ് കാര്‍ഡ് ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തല്‍, ടാക്‌സി കാറിനോ ഡ്രൈവര്‍ക്കോ ഓപ്പറേഷന്‍സ് കാര്‍ഡ് ലഭിക്കാതിരിക്കല്‍, റദ്ദാക്കിയ ഓപ്പറേഷന്‍സ് കാര്‍ഡ് ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തല്‍ എന്നീ നിയമ ലംഘനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

 

Latest News