ഫെയ്സ്ബുക്കിനു പിന്നാലെ വെർച്വൽ ലോകത്ത് കൂടുതൽ അനുഭവങ്ങൾ സമ്മാനിക്കുമെന്ന് മൈക്രോസോഫ്റ്റ് ടീംസ്
ബിസിനസുകൾക്കും സാധാരണ ഉപയോക്താക്കൾക്കുമായി വെർച്വൽ ലോകം സൃഷ്ടിക്കാനുള്ള ഫെയ്സ്ബുക്ക് നീക്കത്തിനു പിന്നാലെ മൈക്രോസോഫ്റ്റും മെറ്റാവേഴ്സ് മത്സരത്തിലേക്ക്.
മാതൃകമ്പനി മെറ്റയിലേക്ക് റീബ്രാൻഡ് ചെയ്തതിനോടൊപ്പമാണ് ഫെയ്സ്ബുക്ക് പുതിയ വെർച്വൽ അനുഭവങ്ങൾ സമ്മാനിക്കുമെന്നും മെറ്റാവേഴ്സ് അടിസ്ഥാനമാക്കുമെന്നും പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റ് ടീംസിനകത്ത് മെറ്റാവേഴ്സ് നിർമിക്കുമെന്ന മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. വെർച്വൽ അനുഭവങ്ങൾക്കായുള്ള പ്ലാറ്റ്ഫോമായ മെഷിനെ മൈക്രോസോഫ്റ്റ് അടുത്ത വർഷം നേരിട്ട് മൈക്രോസോഫ്റ്റ് ടീംസിലേക്ക് കൊണ്ടുവരും. കമ്പനിയുടെ മിക്സഡ് റിയാലിറ്റിയും ഹോളോലെൻസ് വർക്കുകളും മീറ്റിംഗുകളും വീഡിയോ കോളുകളും സംയോജിപ്പിക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായാണിത്.
പുതിയ പ്രഖ്യാപനത്തോടെ ആനിമേറ്റഡ് അവതാറിലൂടെ മൈക്രോസോഫ്റ്റും മെറ്റയും മെറ്റാവേഴ്സിൽ കടുത്ത മത്സരം തുടങ്ങുമെന്നാണ് കരുതുന്നത്.
മൈക്രോസോഫ്റ്റ് ടീംസ് മീറ്റിംഗുകളുടെ ഭാവി തീരുമാനിക്കുന്ന മെഷ് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ രംഗം കീഴടക്കും. മീറ്റിംഗുകൾ കൂടുതൽ ഇന്റർആക്ടീവാക്കുന്നതിനുള്ള ടുഗതർ മോഡും മറ്റു പരീക്ഷണങ്ങളും മൈക്രോസോഫ്റ്റ് ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിലിരുന്ന ജോലി ചെയ്തവർ ടീംസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് അതേപടി നിലനിർത്താനും ഉപയോക്താക്കളെ പിടിച്ചുനിർത്താനുമാണ് ശ്രമം.
30-40 മിനിറ്റ് മീറ്റിംഗ് തുടർന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക പാടാണെന്നും ഇത് മറികടക്കേണ്ടതുണ്ടെന്നും മൈക്രോസോഫ്റ്റ് ടീംസ് ജനറൽ മാനേജർ നിക്കോൾ ഹെർസ്കോവിറ്റ്സ് പറയുന്നു. മീറ്റിംഗിന്റെ തുടക്കത്തിലുണ്ടായ തളർച്ച മാറ്റാൻ ടുഗതർ മോഡിലൂടെ സാധിച്ചു. മെഷിലൂടെ മീറ്റിംഗുകളും ആശയവിനിമയങ്ങളും കൂടുതൽ ആകർഷകമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
മെറ്റാവേഴ്സ് അന്തരീക്ഷത്തിലേക്ക് മാറുന്നതിന് മൈക്രോസോഫ്റ്റ് ടീംസിൽ ത്രിമാന അവതാറുകൾ ലഭ്യമാക്കും. ഇവ ഉപയോഗിക്കുന്നതിന് വെർച്വൽ റിയാലിറ്റി ഹെഡ് സെറ്റുകൾ ആവശ്യമായി വരില്ല. 2 ഡി, 3 ഡി മീറ്റിംഗുകളിൽ ഈ അവതാറുകൾ ഉപോയക്താക്കളെ പ്രതിനിധീകരിക്കും. സ്വന്തം വെബ് കാമുകൾ ഓൺ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ആനിമേറ്റഡ് ചിത്രം തെരഞ്ഞെടുക്കാം.
വീഡിയോകളും അവതാറുകളും മാത്രമല്ല, മീറ്റിംഗുകളിൽ എങ്ങനെ പങ്കെടുക്കാമെന്ന് തീരുമാനിക്കാൻ മറ്റു പതിപ്പുകളും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് മെഷ് പ്രിൻസിപ്പൽ പ്രോഡക്ട് മാനേജർ കാറ്റി കെല്ലി പറഞ്ഞു.
നിർമിത ബുദ്ധി ഉപയോഗിച്ച് ഉപയോക്താവിന്റെ ശബ്ദം കേട്ട ശേഷമാണ് അവതാറിന് ആനിമേറ്റഡ് രൂപം നൽകുക. കൂടുതൽ സാധ്യതകൾ ആവശ്യമുള്ളവർക്ക് കൈ ഉയർത്താനും മറ്റും സാധിക്കുന്ന തരത്തിലുള്ള അവതാറുകളും ഇമോജികളും ലഭിക്കും.
തർജമക്കുള്ള സംവിധാനവും മൈക്രോസോഫ്റ്റ് ഒരുക്കുന്നുണ്ട്. ഭാഷാ തടസ്സങ്ങൾ ഒഴിവാക്കി ലോകത്തിന്റെ ഏതു കോണിലുള്ള സഹപ്രവർത്തകനുമായി സംസാരിക്കാൻ വെർച്വൽ ടീംസ് സ്പേസിലൂടെ കഴിയും.






