Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.വി.ആറിനെ സംരക്ഷിച്ചത് ആര്; സുധാകരനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി- കോണ്‍ഗ്രസാണ് എം.വി. രാഘവനെ സംരക്ഷിച്ചതെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകാരന്റെ വാദത്തെ ചോദ്യം ചെയ്ത് എം.വി.ആറിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാര്‍.
ഫേസ്ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് നികേഷ് സുധാകരനെ സംവാദത്തിനു വെല്ലുവിളിച്ചിരിക്കുന്നത്.
താനാണ് എം.വി.രാഘവനെ സംരക്ഷിച്ചതെന്ന് ഒരിക്കല്‍ ടി.വിയിലും താങ്കള്‍ പറഞ്ഞിട്ടുണ്ട്. അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല.തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാമെന്നും  ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദമാകാമെന്നും നികേഷ് പറഞ്ഞു.  


വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമ നടപടി തുടങ്ങിയതായി കെ.സുധാകരന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. മാനനഷ്ടക്കേസുമായി പോകുമെന്ന സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് നികേഷ് പറഞ്ഞു. നോട്ടീസ് ലഭിച്ചാല്‍ നല്‍കാനുള്ള മറുപടിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നികേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:  

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത് .

ഒന്ന് : മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന് . ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോള്‍ നല്‍കാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .


രണ്ട് : ടോണി ചമ്മണി ഒളിവില്‍ എന്ന 'വ്യാജ വാര്‍ത്ത' നല്‍കിയതിന് . ഈ വാര്‍ത്ത നല്‍കിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോര്‍ട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നല്‍കുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തില്‍ പോലീസ് അല്ലേ സോഴ്‌സ് . സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയില്‍ ഞങ്ങള്‍ കാണിക്കുന്നുണ്ട് .
ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്‌നേഹത്തിന്റെ കാര്യം . ഒരിക്കല്‍ ടി വിയിലും താങ്കള്‍ ഇത് പറഞ്ഞു . ' ഞാന്‍ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ' എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ?
അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല .
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാന്‍ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .
മറുപടി പ്രതീക്ഷിക്കുന്നു.

സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പല തവണ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌നേഹിതന്മാരും നിര്‍ബന്ധിച്ചിട്ടും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികള്‍ക്ക് മുതിരാതിരുന്നത് എം വി രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്തിട്ടാണ്.
സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മില്‍. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവര്‍ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണില്‍, പതിറ്റാണ്ടുകളോളം ഒരു പോറല്‍ പോലുമേല്‍ക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ്.
സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീര്‍ത്തികരമായ വാര്‍ത്തയുടെ പേരില്‍ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആണ് പൊതു പ്രവര്‍ത്തകര്‍. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാര്‍ട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല.
സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചതും, ജനങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവര്‍ത്തകന്‍ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാര്‍ത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവര്‍ത്തനമാണ്? കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കില്‍ അതങ്ങോട്ട് മാറ്റി വച്ചേക്കണം.
അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോണ്‍ഗ്രസിന് അറിയാഞ്ഞിട്ടല്ല...
ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍, എം.വി.ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോണ്‍ഗ്രസ് വേണ്ടെന്ന് വെയ്ക്കും.

 

Latest News