Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജീവനക്കാര്‍ക്ക് പരീക്ഷ എഴുതാന്‍ വേതനത്തോടെ അവധി

റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ വേതനത്തോടു കൂടിയ അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഇതിന് പരീക്ഷയുടെ ചുരുങ്ങിയത് പതിനഞ്ചു ദിവസം മുമ്പ് തൊഴിലാളി അവധി അപേക്ഷ നല്‍കിയിരിക്കണം.

തൊഴിലാളി വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നതിന് തൊഴിലുടമ അനുമതി നല്‍കുകയോ പഠനം തുടരുന്നതിനെ അംഗീകരിക്കുകയോ ചെയ്താല്‍ പരീക്ഷകള്‍ എഴുതാന്‍ പൂര്‍ണ വേതനത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ടെന്ന് നിയമം അനുശാസിക്കുന്നു.  

പരീക്ഷ എഴുതിയിട്ടില്ലെന്ന് തെളിയുന്ന പക്ഷം തൊഴിലാളിക്ക് പരീക്ഷാ അവധി ഇനത്തിലെ വേതനം നിഷേധിക്കും. കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്കെതിരെ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും തൊഴിലുടമക്ക് അവകാശമുണ്ട്.

തൊഴിലുടമയുടെ അനുമതി കൂടാതെയാണ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നതെങ്കിലും പരീക്ഷാ ദിവസങ്ങളില്‍ അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. ഈ അവധി ദിവസങ്ങള്‍ തൊഴിലാളിയുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയാണ് ചെയ്യേണ്ടത്. ഇതിന് സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പരീക്ഷാ ദിവസങ്ങളില്‍ വേതനരഹിത അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News