യു.പി തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവില വീണ്ടും കൂട്ടും; പരിഹാസവുമായി ലാലു

പട്‌ന- കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ പരിഹസിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) രക്ഷാധികാരി ലാലു പ്രസാദ് യാദവ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് ഉറപ്പായതിനാല്‍ ഈ കുറവ് താത്കാലികം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പെട്രോള്‍ വില അഞ്ച് രൂപ കുറച്ചതിലൂടെ മോഡി സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത് തനി നാടകമാണെന്നും  മുന്‍ ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.

ആശ്വാസം നല്‍കുന്ന നടപടിയാകണമെങ്കില്‍ ലിറ്ററിന് 50 രൂപ കുറക്കേണ്ടിയിരുന്നുവെന്നും യുപി തിരഞ്ഞെടുപ്പിന് ശേഷം പെട്രോളിയം വില വീണ്ടും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ബുധനാഴ്ച പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. ഇന്ധനത്തിന് ഈടാക്കുന്ന വാറ്റ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പെട്രോള്‍ വില ലിറ്ററിന് 70 രൂപയില്‍ താഴെ കൊണ്ടുവരണമെന്ന് ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പെട്രോള്‍ ലിറ്ററിന് 70 രൂപ കൂടിയ വിലയാണെന്ന് നേരത്തെ പറഞ്ഞിരുന്ന  ബി.ജെ.പി 100 രൂപയ്ക്ക് മുകളിലാണ് വില വര്‍ധിപ്പിച്ചതെന്നും പെട്രോള്‍ വില ലിറ്ററിന് 70 രൂപയില്‍ താഴെയെങ്കിലും കൊണ്ടുവരാന്‍ അവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News