കടക്കെണിയിൽ കുടുങ്ങിയ കർഷകന്റെ ജഡം കുളത്തിൽ 

ഇടുക്കി- കടക്കെണിയിൽ കുടുങ്ങിയ ഉദയഗിരി തുണ്ടിയിൽ ചാക്കോ ജോൺ(58)നെ ആണ് പടുതാക്കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെടുത്തത്. ഉദയഗിരിയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന ചാക്കോയെ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് കാണാതായതിനെ തുടർന്ന്  വൈകുന്നേരത്തോടെ നടത്തിയ അന്വേഷണത്തിൽ വളവനാട്ട് ബോസിന്റെ പുരയിടത്തിലെ പടുതാക്കുളത്തിന് സമീപം ചെരിപ്പും മാസ്‌കും കണ്ടെത്തി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമംനടത്തിയെങ്കിലും 15 അടിയിലേറെ വെള്ളമുണ്ടായിരുന്ന ഭീമൻ പടുതാക്കുളത്തിൽ നിന്നും മൃതദേഹം ലഭിച്ചില്ല. തുടർന്ന്  വാട്ടർ പമ്പുകൾ കൊണ്ടുവന്ന്  വെള്ളം പമ്പ് ചെയ്ത് കളഞ്ഞതിന് ശേഷം രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ചാക്കോ സുഹൃത്തുമായി ചേർന്ന് അയാളുടെ പറമ്പിൽ ഏലം കൃഷി നടത്തിയിരുന്നു. എന്നാൽ പങ്കു കൃഷിക്കാരൻ തന്നെ ചതിക്കുകയായിരുന്നെന്നും കൃഷി മൂലമുണ്ടായ കടബാധ്യതയും മാനസിക ബുദ്ധിമുട്ടും മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ചാക്കോയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സുഹൃത്തിനെ അറസ്റ്റ് ചെയ്യണമെന്ന്  ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭാര്യ: ആൻസി. മക്കൾ : അഞ്ജു (ഇസ്രയേൽ), അജിമോൾ, അമൽ (കാനഡ), മരുമക്കൾ : അരുൺ, അതുൽ 
 

Latest News