Sorry, you need to enable JavaScript to visit this website.

മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാം- ആഭ്യന്തരമന്ത്രി അബ്ശിറില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്- മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കലടക്കമുള്ള ഏതാനും സേവനങ്ങള്‍ വ്യക്തിഗത അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയതായി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് അറിയിച്ചു. ഇഖാമ പുതുക്കല്‍, നഷ്ടപ്പെട്ട ഇഖാമ ഇഷ്യു ചെയ്യല്‍, വാഹനം റിപ്പയര്‍ ചെയ്യാനുള്ള അനുമതി, ഡ്രൈവിംഗ് സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യല്‍, ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍, പുതിയ സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറുന്നതിനുള്ള അനുമതി, സൗദി പൗരന്മാര്‍ക്ക് തോക്കുപയോഗിക്കാനുളള ലൈസന്‍സ്, 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കല്‍ തുടങ്ങിയ സേവനങ്ങളാണ് അബ്ശിറില്‍ നടപ്പാക്കുന്നത്. റിയാദില്‍ നടന്ന ഏഴാമത് അബ്ശിര്‍ ഫോറത്തിലാണ് ഈ സേവനങ്ങള്‍ ലോഞ്ചു ചെയ്തതായി മന്ത്രി പ്രഖ്യാപിച്ചത്.
അതേ സമയം മൂന്നു മാസ ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. ഇഖാമ പുതുക്കുന്നതിനുള്ള 650 റിയാല്‍ അടക്കുന്നതിന് മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളായി തെരഞ്ഞെടുക്കാനുള്ള സൗകര്യം കഴിഞ്ഞാഴ്ച ബാങ്കുകളിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇഖാമയുടെ മുന്നോടിയായി മാനവശേഷി മന്ത്രാലയത്തിന്റെ പരിധിയിലെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ലെവി മൂന്നു മാസത്തേക്ക് അടക്കുന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇഖാമ മുന്നു മാസത്തേക്ക് പുതുക്കാമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമ്പോഴും ലെവി എങ്ങനെയാകുമെന്നതാണ് സ്ഥാപനങ്ങളും സ്‌പോണ്‍സര്‍മാറും ഉറ്റുനോക്കുന്നത്.

Latest News