ഇന്ധനവില: വെൽഫെയർ പാർട്ടിയുടെ റോഡ് ഉപരോധത്തിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം ഓവർബ്രിഡ്ജ് വെൽഫെയർ പാർട്ടി പ്രവർത്തകർ ഉപരോധിക്കുന്നു

തിരുവനന്തപുരം - ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന രീതിയിൽ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു. 
മലപ്പുറത്തും ആലപ്പുഴയിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഉപരോധം നടത്തിയ പ്രവർത്തകർക്കു നേരെ പോലീസ് ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിൽ നടന്ന റോഡ് ഉപരോധം ദേശീയ സെക്രട്ടറി ഇ. സി ആയിശ ഉദ്ഘാടനം ചെയ്തു. സ്വന്തം രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോർപ്പറേറ്റുകൾക്ക് ദാസ്യവേല ചെയ്യാനാണ് കേന്ദ്രസംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നത്. എക്‌സൈസ് തീരുവ ക്രമാതീതമായി വർധിപ്പിച്ചും വിലനിർണയാധികാരം കോർപ്പറേറ്റ് മാഫിയകൾക്ക് കൈമാറിയും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സംസ്ഥാനകേന്ദ്ര സർക്കാറുകൾ സ്വീകരിക്കുന്നത്. കോർപ്പറേറ്റ് ഭീകരന്മാരുടെ സാമ്പത്തിക ലാഭവും അതിൽനിന്നും വിഹിതം പറ്റുന്ന ഭരണകൂടത്തിന്റെയും വളർച്ച മാത്രമാണ് മോദിയെ ലക്ഷ്യംവയ്ക്കുന്നത്. മോദി അധികാരത്തിലേറിയതിനു ശേഷം കഴിഞ്ഞ് 7 വർഷം കൊണ്ട് മാത്രം 300% ആണ് ഇന്ധന വില വർധിച്ചത്. ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുന്നതിന്റെ ഭാഗമായാണ് വെൽഫെയർ പാർട്ടി റോഡ് ഉപരോധം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. 

മലപ്പുറത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ഏഴോളം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഉപരോധം പുന്നപ്രയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബൂബക്കർ വടുതല ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധിച്ച പ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ വനിതകളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. 

തിരുവനന്തപുരം ഓവർബ്രിഡ്ജിൽ നടന്ന റോഡ് ഉപരോധം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അംഗം കെ.വി സഫീർഷാ ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന ഉപരോധം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. എറണാകുളം പറവൂർ നടന്ന റോഡ് ഉപരോധം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. കൽപറ്റയിൽ നടന്ന ഉപരോധ സമരം വയനാട് ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. 
കാസർകോട് വിദ്യാനഗറിൽ ദേശീയ പാത ഉപരോധം  ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. പാലക്കാട്ട് മണ്ണാർക്കാട് - നെല്ലിപ്പുഴ ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കോട് ഉദ്ഘാടനം ചെയ്തു.

ഇന്ധനവില നിയന്ത്രണാതീതമായി വർധിപ്പിക്കാനാണ് ഭരണകൂട കോർപ്പറേറ്റ് താത്പര്യമെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു. 

 

Latest News