നായകന്മാരിലെ യഥാര്‍ഥ പുരുഷന്‍; ജോജുവിനെ പിന്തുണച്ച് ദേവന്‍

കൊച്ചി- ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ച് വിവാദം സൃഷ്ടിച്ച ജോജു ജോര്‍ജിനെ പിന്തുണച്ച് നടന്‍ ദേവന്‍.

മലയാള സിനിമയിലെ നായകന്മാരിലെ യഥാര്‍ത്ഥ പുരുഷനെയാണ് ജോജുവില്‍ കണ്ടതെന്ന് ദേവന്‍ ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സിനിമ നടന്‍ ജോജുവിന് ഒരു തുറന്ന കത്ത്...

പ്രിയ ജോജു, നിനക്ക് ഒരായിരം അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍.... കൂടാതെ ഒരായിരം നന്ദിയും... മലയാളം സിനിമയിലെ നായകന്മാരിലെ യഥാര്‍ത്ഥ പുരുഷനെ നിന്നില്‍ കാണാന്‍ കഴിഞ്ഞതില്‍ ആശംസ്സകള്‍... കഴിഞ്ഞ ദിവസ്സം കൊച്ചിയില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ റോഡ് ഉപരോധത്തില്‍, ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടിടെയും പിന്‍ബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിന്‍ബലത്തില്‍, ജോജു, നീ കാണിച്ച ഉത്തരവാദത്തിനാണ് ഈ ആശംസ്സകള്‍...

ഒരു ' തറ ഗുണ്ട ' അല്ല എന്ന് നീ തെളിയിച്ചതിനാണ് ഈ ആശംസ്സകള്‍... പുതിയ മലയാളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായി, നെറികെട്ട കുറെ രാഷ്ട്രീയ വേഷ ധാരികള്‍ക്കു എതിരായി നീ ഉയര്‍ത്തിയ ശബ്ദത്തിനാണ് ഈ ആശംസ്സകള്‍... ഉത്തരവാദിത്വമുള്ള ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിലെ, അതും മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീ പാര്‍ട്ടിയിലെ പത്തു പതിനഞ്ചു പേര് മാത്രം നടത്തിയ പ്രകടനത്തിനെതിരെ നീ പ്രതികരിച്ചതിനാണ് ഈ ആശംസ്സകള്‍....

നിന്നെ ഒരു കള്ളുകുടിയനായി മുദ്രകുത്താന്‍ കാത്തിരുന്ന ഒരു ചെറിയ വിഭാഗം മാധ്യമ പ്രവര്‍ത്തകരെ നിരാശരാക്കി തിരിച്ചയച്ചതിനാണ് ഈ ആശംസ്സകള്‍... ആവശ്യത്തിനും അനാവശ്യത്തിനും പേന കൊണ്ട് യുദ്ധം ചെയ്യുന്ന നിന്റെ സുഹൃത്തുകളായ സിനിമാക്കാരെ ഞെട്ടിച്ചതിനാണ് ഈ ആശംസ്സകള്‍... സത്യത്തില്‍ അവിടെ നിന്നോടൊപ്പം പ്രതികരിച്ചത് കുടിനിന്ന ജനങ്ങളും കുടി ആണ്... ഞാന്‍ കണ്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണത്... എന്നിട്ടും നിന്നെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണ്???

ഓര്‍മ വെച്ച നാളു മുതല്‍ സിനിമ നടനാകാന്‍ ആഗ്രഹിച്ചു് നീ ചിലവാക്കിയ വേദനകള്‍ക്കും അവഗനകള്‍ക്കും ശേഷം നീ പിടിച്ചെടുത്ത നിന്റെ ഇപ്പോളത്തെ 'സ്ഥാനം '.. അതാണ് ഇവര്‍ക്കു സഹിക്കാനാവാത്തത്... വാസ്തവത്തില്‍, ആരും ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ഈ ' പ്രകടനം ' നാലുപേരറിഞ്ഞത് നീ കാരണമല്ലേ?? അതെങ്കിലും നിന്നെ ക്രൂസിലേറ്റുന്നവര്‍ തിരിച്ചറിയേണ്ടതല്ലേ?? പ്രതികരിക്കുന്നവരെ കള്ളുകുടിയന്മാറ്റും ലഹരി ഉപയോഗിക്കുന്നവരും ആയി മുദ്രകുത്തുന്ന നമ്മുടെ സമൂഹമല്ലേ ഇതിനു ഉത്തരവാദികള്‍??..

പ്രതികരിക്കാനും സമരം ചെയ്യാനും ഉള്ള അവസരം ഉറപ്പിക്കുന്ന ഒരു ഭരണഘടനാ ആണ് നമ്മുക്കുള്ളത്... അതിനു ഇന്ത്യയിലുള്ള സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തും ഇല്ല, അനിയാ... പക്ഷെ, അത് മറ്റുള്ളവരുടെ പൗരവകാശത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്നു കൊണ്ടാവരുതെന്നു നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, അനിയാ... ' ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞങ്ങള്‍ നന്നാവില്ല '.... ഇതാണ് ഇവരുടെ മനോഭാവം...

നമ്മള്‍ തമ്മില്‍ അത്രവലിയ ദൈനംദിന ബന്ധങ്ങള്‍ ഇല്ലെങ്കിലും, അനിയാ, ജോജു, ഞാന്‍ ഉണ്ടാവും നിന്നോടൊപ്പം... ആ. ഉണ്ണികൃഷ്ണനെ പോലെ...

 

Latest News