Sorry, you need to enable JavaScript to visit this website.

വധശ്രമ കേസിൽ നിന്ന് ഷംസീറിനെ ഒഴിവാക്കി; ഉപരോധ സമരവുമായി സി.ഒ.ടി. നസീർ

തലശ്ശേരി- തനിക്ക് നേരെ നടന്ന വധശ്രമ കേസ് പോലീസ് അട്ടിമറിച്ചെന്നും പാസ്‌പോർട്ട് പുതുക്കി നൽകുന്നതിൽ പോലീസ് നിരന്തരം തടസ്സവാദങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ച്  സി.പി.എം വിമതൻ സി.ഒ.ടി നസീർ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധ സമരം നടത്തി. തനിക്ക് നേരെ നടന്ന വധശ്രമത്തിൽ പങ്കുണ്ടെന്ന് തെളിവുകൾ സഹിതം മൊഴി നൽകിയിട്ടും തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിനെ  പ്രതി ചേർക്കാത്തതിലും പ്രതിഷേധിച്ചാണ്  നസീർ തന്റെ നേതൃത്വത്തിലുള്ള കീവീസ് ക്ലബ്ബിന്റെ പ്രവർത്തകർക്കൊപ്പം തലശ്ശേരി പോലീസ് സ്‌റ്റേഷന് മുന്നിൽ ഏകദിന ഉപരോധ സമരം സംഘടിപ്പിച്ചത്.
വിദേശ രാജ്യങ്ങളിൽ ബിസിനസ്  നടത്തുന്ന നസീറിന്റെ യാത്രകളെ തടസ്സപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണെന്നാണ് പരാതി. സി.പി.എമ്മിൽ പ്രവർത്തിക്കുന്ന സമയം നടത്തിയ പ്രതിഷേധ സമരത്തിന്റെ പേരിൽ പോലീസ് ചാർജ് ചെയ്ത കേസിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നും ഓരോ തവണയും പല കേസുകൾ ഉണ്ടെന്ന് പറഞ്ഞ് പാസ്‌പോർട്ട് ലഭിക്കുന്നതിന് പോലീസ് തടസ്സം നിൽക്കുകയാണെന്നും നസീർ പറഞ്ഞു. 
നേരത്തെ 2017 ൽ ഇതുപോലെ ഒരു കേസിന്റെ പേരിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് പോലീസ് എതിരായിരുന്നു. കോടതിയിൽനിന്ന് ഈ കേസിൽ ജാമ്യം എടുക്കുകയും മറ്റു നിയമ തടസ്സവും മാറ്റി. എന്നാൽ  അന്നൊന്നും പോലീസ് റിപ്പോർട്ട് ചെയ്യാതെ മറ്റൊരു കേസിന്റെ പേരിലാണ് ഇപ്പോൾ വീണ്ടും തന്റെ പാസ്‌പോർട്ട് തടഞ്ഞു വെച്ചതെന്നും നസീർ പരാതിപ്പെട്ടു. 
തെരഞ്ഞെടുപ്പിൽ എ.എൻ. ഷംസീറിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.ഒ.ടി. നസീർ മത്സരിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങൾ ഷംസീറിനെതിരെ നസീർ ആരോപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നസീറിനെ തലശ്ശേരി കായ്യത്ത് റോഡിൽ വധിക്കാൻ ശ്രമം നടത്തുകയായിരുന്നു. ഈ കേസിൽ ഷംസീറിന്റെ അടുത്ത അനുയായികളും പ്രതികളായിരുന്നു. എന്നാൽ ഷംസീറിന്റെ സഹോദരന്റെ ഇന്നോവ കാറിൽ വെച്ചാണ് വധഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി വാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ എം.എൽ.എയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഷംസീറിനെ ഒഴിവാക്കി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഷംസീറിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സി.ഒ.ടി. നസീർ ഹൈക്കോടതി വരെ നിയമ പോരാട്ടം നടത്തിയിരുന്നു. വിഷയം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ചപ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ അന്വേഷണ  ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നെങ്കിലും അടുത്ത ദിവസം തന്നെ അവരെ മാറ്റുകയായിരുന്നെന്നും നസീർ കുറ്റപ്പെടുത്തി.
തനിക്ക് നേരെ നടന്ന വധശ്രമ കേസ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇതാണ് ഉപരോധ സമരവുമായി മുന്നോട്ടു വരാൻ കാരണമെന്നും നസീർ പറഞ്ഞു. പാർട്ടി വിട്ടെങ്കിലും സി.പി.എമ്മിന്റെ  ആത്മാവ് ഉള്ളിലുള്ളതുകൊണ്ടാണ് മറ്റു സംഘടനകളുടെ പിന്തുണ ഇതുവരെ സ്വീകരിക്കാത്തത്. 
നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നസീർ പറഞ്ഞു. നീതി നിഷേധത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി കിവീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന സൂചനാ ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കു നേരെ നടന്ന വധശ്രമത്തിന് ഗൂഢാലോചന നടന്നത് തലശ്ശേരി എം.എൽ.എയുടെ വാഹനത്തിൽ വെച്ചാണ്. എം.എൽ.എയുടെ അറിവില്ലാതെ ഈ വാഹനം മറ്റൊരാളെടുത്ത് ഓടിക്കില്ല. എന്നാൽ കേസ് ഫയലിൽ നിന്ന്  എം.എൽ.എയുടെ പേര് മനപ്പൂർവം ഒഴിവാക്കി. ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. എം.എൽ.എക്ക് നേരെ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തമായ തെളിവോടു കൂടിയാണെന്നും നസീർ പറഞ്ഞു.

Latest News