ഗുരുഗ്രാം- പീഡനത്തെ തുടര്‍ന്ന് വിവാഹ മോചനം നേടിയ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവാവ് കുടുംബാംഗങ്ങളെ തീ കൊളുത്തി.
ഗുരുഗ്രാമിലെ പടൗഡിയിലാണ് സംഭവം. യുവതിയുടെ മുത്തശ്ശിക്കും സഹോദരന്റെ കുട്ടികള്‍ക്കും പൊള്ളലേറ്റു.
പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഒരാളെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
തീയിട്ടതിനെ തുടര്‍ന്ന് പ്രതി റിങ്കു വിനും പൊള്ളലേറ്റു. റോതമതക്കിലെ ബോഹാര്‍ ഗ്രാമവാസിയായ റിങ്കുവിനെ പൊള്ളലേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ റിങ്കുവും ഭാര്യയും ഗാര്‍ഹിക കലഹത്തെ തുടര്‍ന്നാണ് വേര്‍പിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീധനം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. പട്ടൗഡിയിലെ രാംപുര കടവിലുള്ള വീട്ടിലേക്ക് പെട്രോള്‍ നിറച്ച ക്യാനുമായി എത്തിയ റിങ്കു സോഫയില്‍ ഉറങ്ങുകയായിരുന്ന ഭാര്യാസഹോദരന്റെ മക്കളുടെമേലാണ് ആദ്യം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
തീ പടര്‍ന്നതോടെ പ്രതിയുടെ ഷര്‍ട്ടിനും തീപിടിക്കുകയായിരുന്നു. പാത്രങ്ങള്‍ കഴുകുകയായിരുന്ന കുട്ടികളുടെ അമ്മ ഓടിയെത്തിയാണ് തീയണച്ചത്. ഇവര്‍ക്കും ചെറിയ പൊള്ളലേറ്റതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടികളെ രക്ഷിക്കുന്നതിനിടെ കുട്ടികളുടെ അമ്മാവനും പരിക്കേറ്റു.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. വിവാഹ മോചനക്കേസില്‍ യുവതിയെ സഹായിച്ചതിന് ഭാര്യാസഹോദരനോട് പ്രതിക്ക് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസ് കരുതുന്നു.