Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത വിലക്കി

ശ്രീനഗര്‍- കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത തുറന്നു കൊടുക്കില്ല. ഇന്ത്യന്‍ വിമാന കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനത്തിനാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസമാണ് ഈ സര്‍വീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉല്‍ഘാടനം ചെയ്തത്. പാക്കിസ്ഥാന്‍ ആകാശ പാത നിഷേധിച്ചതോടെ ഈ സര്‍വീസ് ഒരു പക്ഷേ നിര്‍ത്തേണ്ടി വന്നേക്കാം. ശ്രീനഗറില്‍ നിന്ന് ഏറ്റവും ദുരം കുറഞ്ഞ ആകാശപാതയാണിത്. വഴിതിരിച്ചുവിട്ടാല്‍ ഒരു മണിക്കൂര്‍ അധികം പറക്കേണ്ടി വരും. ഇത് ഇന്ധന ചെലവ് വര്‍ധിപ്പിക്കുകയും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഇതോടെ സര്‍വീസിനെ യാത്രക്കാരും കൈയൊഴിയും. നേരത്തെ ശ്രീനഗര്‍-ദുബായ് സര്‍വീസ് ഇതേകാരണത്താല്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

ഗോ ഫസ്റ്റിന്റെ ആദ്യ ശ്രീനഗര്‍-ഷാര്‍ജ വിമാനം ഒക്ടോബര്‍ 23നാണ് പറന്നത്. ഒക്ടോബര്‍ 30 വരെ ഈ സര്‍വീസ് തടസങ്ങളൊന്നുമില്ലാതെ പാക്കിസ്ഥാന്‍ വ്യോമ പാതയിലൂടെയാണ് പറന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ രാജസ്ഥാനും ഗുജറാത്തിനും മുകളിലൂടെ പറന്ന് അറബിക്കടല്‍ വ്യോമപാതയിലൂടെയാണ് പറന്നത്. പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ ഗോ ഫസ്റ്റ് തങ്ങളുടെ സര്‍വീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കിയിരിക്കുകയാണ്. 

മതിയായ മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പി ആര്‍ സ്റ്റണ്ട് നടത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു. ദൗര്‍ഭാഗ്യകരമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും പ്രതികരിച്ചു.

Latest News