മുഖം തിരിച്ചറിയല്‍ സംവിധാനം ഫെയ്‌സ്ബുക്ക് നിര്‍ത്തി; ശതകോടി ഫെയ്‌സ്പ്രിന്റുകള്‍ ഡിലീറ്റ് ചെയ്യും

സാന്‍ ഫ്രാന്‍സിസ്‌കോ- ഫോട്ടോകളില്‍ നിന്ന് മുഖം തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം ഫെയ്‌സ്ബുക്ക് അവസാനിപ്പിച്ചു. ഈ സംവിധാനം ശേഖരിച്ചുവച്ച ഉപയോക്താക്കളുടെ ശതകോടി ഫെയ്‌സ്പ്രിന്റുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യുമെന്ന് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചതു മുതല്‍ വലിയ സ്വകാര്യതാ ലംഘന വിമര്‍ശനങ്ങളും ആശങ്കകളും ഉയര്‍ന്നിരുന്നു. ഇതേ കാരണത്താലാണ് ഇതിപ്പോള്‍ അവസാനിപ്പിക്കുന്നതും. 

സ്വകാര്യതാ ലംഘനം, യൂസര്‍മാരുടെ ഡേറ്റയുടെ ദുരുപയോഗം, രാജ്യാന്തര ബന്ധങ്ങളെ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി തുടങ്ങി നിരവധി ആരോപണങ്ങളിലും അന്വേഷണങ്ങളിലും പെട്ടുഴലുന്നതിനിടെയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്താനുള്ള കമ്പനിയുടെ നിര്‍ണായക തീരുമാനം. മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റി നടത്തിയ നീക്കങ്ങളും നിയമക്കുരുക്കുകളില്‍ നിന്ന് തടിയൂരാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

സമൂഹത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ രൂപംനല്‍കി വരുന്നതെയുള്ളു. ഈ അനിശ്ചിതത്വം കണക്കിലെടുത്താണ് ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ത്തുന്നതെന്ന് മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.

Latest News