Sorry, you need to enable JavaScript to visit this website.
Wednesday , December   01, 2021
Wednesday , December   01, 2021

വലിയഴീക്കൽ ടൂറിസം ഭൂപടത്തിലേക്ക്

വലിയഴീക്കൽ പൊഴിക്കു കുറുകെയുള്ള പാലം
ലൈറ്റ് ഹൗസ്  

 


രണ്ടര പതിറ്റാണ്ടു മുമ്പ് മാനംമുട്ടെ ഉയർന്ന സുനാമിത്തിരമാലകൾ നക്കിത്തുടച്ച വലിയഴീക്കൽ തീരം ഇന്ന് വിനോദ സഞ്ചാരികളെക്കൊണ്ട് നിറയുകയാണ്. കടലും കായലും അതിരിടുന്ന ഈ കൊച്ചു ഭൂപ്രദേശത്തേക്ക് എത്തിനോക്കാതിരുന്നവർ ഇപ്പോൾ ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ ഇവിടേക്ക് ഉല്ലാസയാത്ര നടത്തുന്നു. 
ഒരു വശത്ത് കാറ്റിൽ ചാഞ്ചാടിക്കളിക്കുന്ന കായലോരങ്ങൾ കണ്ണിനും മനസ്സിനും കുളിർമയേകുമ്പോൾ മറുവശത്ത് വെള്ളിത്തിരമാലകൾ ഉയർന്നുപൊങ്ങി സഞ്ചാരികളുടെ കാൽപാദങ്ങളിൽ മുട്ടിയുരുമ്മി പാൽപതയായി തിരികെ സാഗരത്തിലേക്കമരുന്നു. 
എന്തു രസമാണ് ഇവിടുത്തെ സായാഹ്നം!! പടിഞ്ഞാറ് ചുവന്നുതുടുത്ത സൂര്യൻ വെള്ളപ്പാളികളിലേക്ക് മുങ്ങിത്താഴുന്നതിന് സാക്ഷിയാകാൻ നൂറുകണക്കിന് സഞ്ചാരികളാണിവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കടലും കായലും സംഗമിക്കുന്ന പൊഴിമുഖത്തിന്റെ മനോഹാരിതയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മുഖ്യ ഘടകം. കായംകുളം മൽസ്യബന്ധന തുറമുഖത്തിനായി അര കിലോമീറ്ററോളം നീളത്തിൽ കടലിലേക്ക് നിർമിച്ചിട്ടുള്ള പുലിമുട്ട് ഈ പ്രദേശത്തെ സഞ്ചാരികൾക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. കടലിന്റെ ഉപരിതലത്തിൽ നിന്നുകൊണ്ട് കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്നതാണ് കാഴ്ചക്കാർക്ക് സന്തോഷം നൽകുന്നത്. 
കടലും കായലും നൽകുന്ന അനുഭൂതിക്ക് മാറ്റുകൂട്ടുന്നത് ഇവിടെ ഉയർന്ന ലൈറ്റ് ഹൗസും പാലവുമാണ്. 


കൊല്ലം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ വലിയഴീക്കൽ പൊഴിക്കു കുറുകെയാണ് പാലം നിർമാണം പൂർത്തിയായി വരുന്നത്. 140 കോടി രൂപ മുടക്കി 976 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ്. ടൂറിസം സാധ്യതകൾ കൂടി മുന്നിൽ കണ്ട് മനോഹരമായ രൂപകൽപനയോടെ നിർമിക്കുന്ന പാലം ഉടൻ പൂർത്തിയാകും. 110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചുകളാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡിന്റെ നിർമാണവും പാലത്തിന്റെ പെയിന്റിംഗുമാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1100 മീറ്ററാണ് പാലത്തിന്റെ നീളം. 110 മീറ്റർ നീളമുള്ള ബോസ്ട്രിംഗ് ആർച്ച് സ്പാൻ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയതാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കടലിന്റേയും കായലിന്റേയും സൗന്ദര്യവും അസ്തമയ ഭംഗിയും പ്രദേശത്തിന്റെ മനോഹാരിതയും പാലത്തിൽ നിന്നുകൊണ്ട്  ആസ്വദിക്കാൻ കഴിയുമെന്നതിനാൽ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്തും. 
വലിയഴീക്കൽ പാലം കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസം ഡെസ്റ്റിനേഷൻ പ്രോഗ്രാം ആവിഷ്‌കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നാലു മണിക്കാറ്റ് അടക്കമുള്ള ടൂറിസം പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 

പാലത്തിന്റെ ഇലക്ട്രിഫിക്കേഷനായി മൂന്ന് കോടി രൂപയുടെ പ്രത്യേക നിർദേശം സമർപ്പിക്കുന്നതിനും തീരുമാനമായി. പാലത്തിന്റെ ആർച്ച് സ്പാനുകളെ ഫോക്കസ് ചെയ്യുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുന്നത് രാത്രികാലങ്ങളിൽ പാലത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുമെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ ഇലക്ട്രിഫിക്കേഷനായി പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കുന്നത്. 


നീലയും വെള്ളയും നിറങ്ങൾ ഇടകലർത്തി മനോഹരമായി ഉയരത്തിൽ നിർമിച്ച ലൈറ്റ് ഹൗസ് വലിയഴീക്കൽ തീരത്തിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുകയാണ്. സഞ്ചാരികൾക്കും കടൽ യാത്രികർക്കും പുത്തൻ കാഴ്ചാനുഭവം ഒരുക്കുന്ന ലൈറ്റ് ഹൗസിന് പ്രത്യേകതകളേറെയാണ്. 2012 ൽ  യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസാണ് വലിയഴീക്കലിൽ ലൈറ്റ് ഹൗസ് നിർമിക്കാനുള്ള തീരുമാനമെടുത്തത്. മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിത കടൽ യാത്ര ഉറപ്പു വരുത്തുകയായിരുന്നു ഉദ്ദേശ്യം. 10കോടി രൂപയാണ് നിർമാണച്ചെലവ്. അഞ്ച് വശങ്ങളോടെ (പെന്റഗൺ) രാജ്യത്ത് നിർമിച്ചിരിക്കുന്ന ആദ്യത്തെ ലൈറ്റ് ഹൗസാണിത്. 41.26 മീറ്ററാണ് ഉയരം. ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിൽ രണ്ടാമത്തേതാണ്. 38 മീറ്റർ ഉയരത്തിൽ വരെ സഞ്ചരിക്കാൻ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവർ നിർമിച്ചിട്ടുള്ളത്. ലൈറ്റ് ഹൗസ് മ്യൂസിയം, സാങ്കേതിക ക്രമീകരണങ്ങൾ, വിനോദ സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമുണ്ട്. ഇതിനു മുകളിൽ നിന്നുള്ള കാഴ്ച വിനോദ സഞ്ചാരികൾക്ക് ഏറെ ആനന്ദം പകരുന്നതാണ്.

 

ലൈറ്റ് ഹൗസിന് കരയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ (51 കിലോമീറ്ററോളം) ദൂരം വരെ പ്രകാശ സൂചന ലഭിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദയാസ്തമയങ്ങൾക്ക് അനുസരിച്ചു ഓരോ മാസവും മാറുമെങ്കിലും സാധാരണയായി ദിവസവും രാത്രി 7 മുതൽ രാവിലെ 6.15 വരെയാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.  കപ്പലുകളുടെ ദിശ, വേഗം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള നാഷണൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷനും ലൈറ്റ് ഹൗസിനുണ്ട്. അഴീക്കൽ ബീച്ചിനും പൊഴിക്കും അഭിമുഖമായി വലിയഴീക്കൽ കടൽതീരത്ത് നിർമിച്ച ലൈറ്റ് ഹൗസിന്റെ ദൃശ്യ സൗന്ദര്യം പൂർണമായി ലഭിക്കുന്നത് വലിയഴീക്കൽ ബീച്ചിലും പുലിമുട്ടിലും നിന്ന് കാണുമ്പോഴാണ്. 
ഇവിടെ തന്നെയുള്ള കായംകുളം ഹാർബറിന്റെ ഭാഗമായുള്ള ലേലഹാളും വള്ളത്തിലുള്ള സഞ്ചാരവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ  ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനം വലിയഴീക്കൽ അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


 

Latest News