Sorry, you need to enable JavaScript to visit this website.

റിസർവേഷനില്ലാത്ത തീവണ്ടികളിൽ  സീസൺ ടിക്കറ്റ് യാത്രക്കാരുമെത്തി 

സീസൺ ടിക്കറ്റ് യാത്രക്കാർ തിരിച്ചെത്തി, കേരളത്തിൽ ലോക്കൽ തീവണ്ടികൾ സജീവമാകുന്നു. സംസ്ഥാനത്ത് കലാലയങ്ങളും വിദ്യാലയങ്ങളും തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ റെയിൽവേ സൗകര്യം പുനഃസ്ഥാപിച്ചത് അനുഗ്രഹമായി. കേരളത്തിലുടനീളം ശരാശരി അമ്പത് കിലോ മീറ്റർ മുതൽ അകലത്തിലുള്ള പട്ടണങ്ങളിൽ ചെന്ന് ജോലി ചെയ്യുന്നവർക്ക് താങ്ങാനാവാത്ത ചെലവായിരുന്നു റിസർവ്ഡ് ട്രെയിനുകളിലെ യാത്ര. പ്രതിമാസം മൂന്നൂറ് രൂപയ്ക്ക് പകരം നിത്യേന നൂറും അതിലേറൈയും ചെലവ് വരുന്നത് പലരുടേയും ബജറ്റിന്റെ താളം തെറ്റിച്ചു. ഒന്നര വർഷത്തിന് ശേഷം സീസൺ ടിക്കറ്റുകാർ തിരിച്ചെത്തുകയാണ് ട്രെയിനുകളിൽ. 


റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ ഇന്നലെ മുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിച്ചു.  അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ (യു.ടി.എസ്) ഇന്നലെ മുതൽ പ്രവർത്തന സജ്ജമായി.  ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക്(ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറന്നു.  
കണ്ണൂർ-കോയമ്പത്തൂർ(06607/06608), എറണാകുളം-കണ്ണൂർ(06305/06306), കണ്ണൂർ-ആലപ്പുഴ(06308/06307), കോട്ടയം-നിലമ്പൂർ റോഡ്(06326/06325), തിരുവനന്തപുരം-എറണാകുളം(06304/06303), തിരുവനന്തപുരം- ഷൊർണൂർ(06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി(02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി(062850/06849), ചെന്നൈ സെൻട്രൽ-ജോലാർപേട്ട(06089/06090), തിരുവനന്തപുരം-ഗുരുവായൂർ(06342/06341), നാഗർകോവിൽ-കോട്ടയം (06366), പാലക്കാട് ടൗൺ -തിരുച്ചിറപ്പള്ളി(06844/06843) എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ച മുതൽ യു.ടി.എസ്, സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിച്ചത്. 
 റെയിൽവേ സ്‌റ്റേഷനു പുറത്ത് സ്വകാര്യ ഏജൻസികൾ നടത്തുന്ന ജെ.ടി.ബി.എസ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയതും സൗകര്യമായി.

 2020 മാർച്ച് 24 ന് ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സീസൺ ടിക്കറ്റുകളിൽ 20 ദിവസം സഞ്ചരിക്കാൻ ബാക്കിയുണ്ടായിരുന്നെങ്കിൽ പുതുക്കുമ്പോൾ അവ പുനഃസ്ഥാപിച്ചു കിട്ടും. റെയിൽവേ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ  സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങി. 
മംഗളൂരു - കോയമ്പത്തൂർ(06324/06323) നാഗർകോവിൽ- കോയമ്പത്തൂർ (06321/06322) എന്നീ തീവണ്ടികളിൽ ഈ മാസം പത്തു മുതലാണ് ജനറൽ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനു ശേഷം പൂർണമായും റിസർവ്ഡ് കോച്ചുകളായി സർവീസ് നടത്തിയിരുന്ന തീവണ്ടികളിൽ ഘട്ടം ഘട്ടമായി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ഒക്ടോബർ 25 നാണ് തീരുമാനിച്ചിരുന്നത്. കേരളത്തിൽ കൂടുതൽ പാസഞ്ചർ തീവണ്ടികൾ സർവീസ് നടത്തുന്നതു സംബന്ധിച്ച പ്രഖ്യാപനം ദീപാവലിക്കു ശേഷമുണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം അറിയിച്ചു.

Latest News