മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തു

മുംബൈ- മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശ്മുഖ് നാലു ദിവസം ഇ.ഡി കസ്റ്റഡിയില്‍ തുടരും. അറസ്റ്റ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് എന്‍സിപി വക്താവ് മന്ത്രി നവാബ് മാലിക് പ്രതികരിച്ചു. അധികാരം ദുര്‍വിനിയോഗം ചെയ്ത് നേതാക്കളെ പേടിപ്പിക്കുന്നത് നിര്‍ത്തണമെന്നും കേന്ദ്രത്തോട് മാലിക് ആവശ്യപ്പെട്ടു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ നേതാക്കളെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. 

അനില്‍ ദേശ്മുഖിനെ ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച ഇ.ഡി അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയിരുന്നു. നേരത്തെ അഞ്ചു തവണ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകുയും ചെയ്തിരുന്നു.
 

Latest News