സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം

കൊച്ചി- നയതന്ത്ര ബഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പിച്ചത്.
ജാമ്യം നിഷേധിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികള്‍ക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്വപ്നയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

സ്വപ്നക്കെതിരായ കോഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയതിനാല്‍  ജയില്‍മോചിതയാകാന്‍ അവസരം ഒരുങ്ങി. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം സാധ്യമാകുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാല്‍, റബ്ബിന്‍സ്, കെ.ടി.ഷറഫുദീന്‍, മുഹമ്മദാലി എന്നിവര്‍ക്കും  ജാമ്യം ലഭിച്ചു. പ്രതികള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി ജയിലില്‍ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യത ഇല്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചു.

യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളില്‍ ഉള്‍പ്പെട്ട പി.എസ്.സരിത്തിനും റബ്ബിന്‍സ് എന്നിവര്‍ക്കെതിരെ കോഫെപോസ നിലനില്‍ക്കുന്നതിനാല്‍ ജയില്‍മോചന സാധ്യത തെളിഞ്ഞിട്ടില്ല. സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഈ മാസം ഇരുവരുടെയും കോഫെപോസ കരുതല്‍ തടവ് കാലാവധി അവസാനിക്കും. നിലവില്‍ ഇവര്‍ക്കെതിരായ കോഫെപോസ തുടരാന്‍ കസ്റ്റംസ് അപേക്ഷ നല്‍കിയിട്ടില്ല.

നേരത്തേ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയെങ്കിലും സിംഗിള്‍ ബെഞ്ച് ഇവരുടെ ജാമ്യാപേക്ഷ അംഗീകരിച്ചില്ല. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിലെത്തിയതോടെയാണ് പ്രതികള്‍ക്കു ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

 

Latest News