സൗദിയിലെ മൂല്യവര്‍ധിത നികുതി; നിലപാട് വ്യക്തമാക്കി ധനമന്ത്രി

റിയാദ്- കോവിഡ് മഹാമാരി ഏല്‍പിച്ച ആഘാതം നേരിടാന്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) അതേപടി തുടരേണ്ടതുണ്ടെന്നും നികുതിയില്‍ കുറവു വരുത്താന്‍ ആലോചനയില്ലെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.


പൊതുധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ വാറ്റ് ശതമാനം കുറക്കുന്ന കാര്യം പരിഗണിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
റോമില്‍ സമാപിച്ച ജി 20 സമ്മേളനത്തിന്റെ ഭാഗമായി വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്‍കിട കമ്പനികളുടെ നികുതിക്ക് ജി 20 അംഗീകാരം നല്‍കിയത് വളരെ നല്ല കാര്യമാണെന്ന് അല്‍ജദ്ആന്‍ പറഞ്ഞു. ഇത് ഈ കമ്പനികളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നികുതി ആനുകൂല്യം ലഭിക്കുന്നതാണ് യഥാര്‍ത്ഥ നീതിയെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ വിപണിയില്‍ ജൈവ ഇന്ധനങ്ങളിലെ നിക്ഷേപം ലോക സമ്പദ്വ്യവസ്ഥക്ക് ഏറെ അനിവാര്യമാണ്. എണ്ണയുടെ കാര്യത്തിലല്ല, പെട്രോളിയം വാതകത്തിന്റെ കാര്യത്തിലാണ് ലോകം വെല്ലുവിളി നേരിടുന്നത്. അതുകൊണ്ടു തന്നെ ജൈവ ഇന്ധന നിക്ഷേപങ്ങളിലെ പരാജയം ആഗോള ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന കാര്യം തിരിച്ചറിയാതെ പോകരുത് -ധനമന്ത്രി പറഞ്ഞു.
ഊര്‍ജ വിപണിയില്‍ വലിയ സ്വാധീനമുള്ള രാജ്യമാണ് സൗദി അറേബ്യ. സംഭരണവും ആവശ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുകയും വിപണികളിലേക്ക് ഊര്‍ജ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സൗദി പ്രധാനമായും ലക്ഷ്യമിടുന്നത്. ജി 20  അധ്യക്ഷ സ്ഥാനം സൗദി അറേബ്യ അലങ്കരിച്ചിരുന്ന കാലത്ത് വികസ്വര രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) 650 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതില്‍ 13 ബില്യണ്‍ സൗദിയുടെ സംഭാവനയായിരുന്നു.
2015 മുതല്‍ 2019 വരെ സൗദി അറേബ്യ കാര്‍ബണ്‍ പുറന്തള്ളല്‍ മൂന്ന് ശതമാനം കുറച്ചപ്പോള്‍ മറ്റു ജി 20 രാജ്യങ്ങള്‍ അതേ കാലയളവില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കുകയാണുണ്ടായത്. പതിനായിരക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളോടെ പുനരുപയോഗ ഊര്‍ജത്തിനും മിശ്രിത ഊര്‍ജത്തിന്റെ ഉപയോഗത്തിനുമായി സൗദിക്ക് വലിയ പദ്ധതികളുണ്ടെന്ന് അല്‍ജദ്ആന്‍ പറഞ്ഞു.

 

 

Latest News