ഭിന്നതകൾക്കിടെ സി.പി.എം ഏരിയാ  സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം

കണ്ണൂർ- പ്രാദേശികമായ ഭിന്നതകളും വിവിധ പ്രശ്‌നങ്ങളും നിലനിൽക്കുമ്പോഴും സി.പി.എം 23-ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഏരിയാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാവും. മാടായി, പേരാവൂർ ഏരിയാ സമ്മേളനങ്ങളാണ് ഇന്നാരംഭിക്കുന്നത്. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നേതാക്കൾ സമ്മേളനം ബഹിഷ്‌കരിക്കുകയും, നേതൃത്വത്തിനെതിരെ പരസ്യപ്രചാരണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലോക്കൽ സമ്മേളനങ്ങൾക്ക് സമാപ്തിയായത്. ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരു സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടായത്. പതിവിന് വിപരീതമായി സമ്മേളനത്തിനകത്തെ പ്രശ്‌നങ്ങൾ പരസ്യ പ്രതികരണങ്ങളായി ഇത്തവണ പുറത്തു വരികയായിരുന്നു. തളിപ്പറമ്പിലാകട്ടെ, മുതിർന്ന നേതാവായ കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ സമാന്തര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കണ്ണൂരിലാകട്ടെ വർഷങ്ങളായി പാർട്ടിക്കൊപ്പം നിലകൊണ്ടിരുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ് പാർട്ടിക്കെതിരെ നിലപാടുമായി രംഗത്തു വന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഇവർക്കെതിരെ കടുത്ത നടപടിയെടുത്താൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മാടായി ഏരിയാ സമ്മേളനം പാണപ്പുഴയിലും പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂരിലുമാണ് നടത്തുന്നത്. 10, 11 തീയതികളിൽ പാപ്പിനിശ്ശേരി, മയ്യിൽ, 13, 14 തീയതികളിൽ പെരിങ്ങോം, ശ്രീകണ്ഠപുരം, കണ്ണൂർ, മട്ടന്നൂർ, 16, 17 തീയതികളിൽ കൂത്തുപറമ്പ്, 17, 18 തീയതികളിൽ തലശ്ശേരി, 20, 21 തീയതികളിൽ തളിപ്പറമ്പ്, അഞ്ചരക്കണ്ടി, 22, 23 തീയതികളിൽ പയ്യന്നൂർ, ആലക്കോട്, 24, 25 തീയതികളിൽ പാനൂർ, ഇരിട്ടി, 27, 28 തീയതികളിൽ പിണറായി, എടക്കാട് എന്നിങ്ങനെയാണ് ഏരിയാസമ്മേളനങ്ങൾ നടത്തുന്നത്.  
ഏരിയാ സമ്മേളനങ്ങളിൽ ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. ബ്രാഞ്ച്‌ലോക്കൽ സമ്മേളനങ്ങളോടെ 4245 ബ്രാഞ്ചുകളും 243 ലോക്കൽ കമ്മിറ്റികളുമാണ് ജില്ലയിലുള്ളത്. സംഘടനാ വളർച്ചയെ തുടർന്ന് ചില ബ്രാഞ്ച്  ലോക്കൽ ഘടകങ്ങൾ സമ്മേളനത്തോടെ വിഭജിക്കുകയുണ്ടായി.  സമ്മേളനങ്ങൾ രാഷ്ട്രീയസംഘടനാ ഉള്ളടക്കം കൊണ്ട് വൻ വിജയമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ സമ്മേളനങ്ങളും നടന്നത്. അതുകൊണ്ട് ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാൻ കഴിഞ്ഞതുമില്ല. ഓൺലൈനായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചു. 18 ഏരിയാ സമ്മേളനങ്ങൾ നവംബറിൽ പൂർത്തീകരിക്കുന്ന തോടെ ജില്ലാസമ്മേളന മൊഴികെയുള്ള സമ്മേളനങ്ങൾ പൂർത്തിയാകും. 
അതേ സമയം, സി.പി.എം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത് ജനാധിപത്യപരമായിട്ടാണെന്നും മറ്റ് ബൂർഷ്വാ പാർട്ടികളെപ്പോലെ നോമിനേഷൻ സമ്പ്രദായം സി.പി.എമ്മിന് ഇല്ലെന്നും, രാഷ്ട്രീയ നയ രൂപീകരണത്തിലും ഇതേ കാഴ്ചപ്പാടാണെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.

Latest News