ന്യൂദല്‍ഹി- അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2021 ല്‍ കൃത്രിമം നടത്തിയ 15 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കിയതായി ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍.ടി.എ അറിയിച്ചു.
മൂന്ന് വിദ്യാര്‍ഥികള്‍ തുല്യമാര്‍ക്ക് നേടി ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കെ കൗണ്‍സലിംഗ് ഘട്ടത്തില്‍ ടൈ ബ്രേക്കിംഗ് ഫോര്‍മുല ഉപയോഗിക്കുമെന്നാണ് എന്‍.ടി.എ അറിയിച്ചിരിക്കുന്നത്.
നീണ്ട കാത്തിരിപ്പിനുശേഷം തിങ്കളാഴ്ച വൈകിട്ടാണ് നീറ്റ് 2021 ഫലം പ്രസിദ്ധീകരിച്ചത്. സ്‌കോര്‍ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ ലഭിക്കും. ഓണ്‍ലൈനില്‍ nta.ac.in, neet.nta.nic.in എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
ഹൈദരബാദിലെ മൃണാല്‍ കുട്ടേരിക്കാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. ദല്‍ഹിയിലെ തന്മയ് ഗുപ്ത രണ്ടാം റാങ്കും മുംബൈയിലെ കാര്‍ത്തിക ജി നായര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. മൂന്നു പേരും 720 ല്‍ 720 മാര്‍ക്കും കരസ്ഥമാക്കി.