പോലീസ് അസോസിയേഷന്‍: നിലവിലുള്ള ഭാരവാഹികള്‍ക്ക് എതിരില്ല

തിരുവനന്തപുരം- കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2021-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം പൂര്‍ത്തിയായപ്പോള്‍ എല്ലാ ജില്ലകളിലും നിലവിലുള്ള നേതൃത്വം എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. അപൂര്‍വം യൂണിറ്റുകളില്‍ മാത്രമാണ് മത്സരം നടക്കുന്നത്.

പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പോലീസ് ജില്ലകളിലും, എട്ട് ബറ്റാലിയനുകളിലും, കേരള പോലീസ് അക്കാദമിയിലും മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നിലവിലുള്ള സംഘടനാ നേതൃത്വത്തെ പൂര്‍ണമായും എതിരില്ലാതെ തെരഞ്ഞെടുത്തു. മറ്റ് ജില്ലകളില്‍ അപൂര്‍വം യൂണിറ്റുകളില്‍ മാത്രമാണ് മത്സരം നടക്കുന്നത്.

നിലവിലുള്ള സംസ്ഥാന ഭാരവാഹികള്‍ എല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് തിരുവനന്തപുരം സിറ്റിയില്‍ നിന്നും, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു കൊച്ചി സിറ്റിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

മത്സരം ഉള്ള യൂണിറ്റുകളില്‍ നവംബര്‍ 12 ന് തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 19 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, ഡിസംബര്‍ 2 ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

 

Latest News