Sorry, you need to enable JavaScript to visit this website.

കുരുമുളക് വില കുതിച്ചു; റബർ വിലയും ഉയർന്നു

കാർഷിക മേഖലയിലും വ്യാപാര രംഗത്തും വൻ ആവേശം വിതറി കുരുമുളക് വില കുതിച്ചു, ചരക്ക് ക്ഷാമം റബർ വിലയും ഉയർത്തി. കേരളം പ്രതീക്ഷിച്ച വിലക്കയറ്റം കുരുമുളകിൽ ദൃശ്യമായി. ഏതാനും വർഷങ്ങളായി വിലത്തകർച്ചയിൽ നീങ്ങിയ കറുത്ത് പൊന്നിന് പുതിയ വാതായനങ്ങൾ തുറന്നത് ദീപാവലി ഡിമാന്റാണ്. ഒരാഴ്ച കൊണ്ട് മുളക് മുന്നേറിയത് 4100 രൂപയാണ്. ലഭ്യതക്കുറവും വർധിച്ച ഡിമാന്റും വിപണിയുടെ ദിശയിൽ മാറ്റമുളവാക്കി. ഏതാനും മാസം മുമ്പേ ഇതേ കോളത്തിൽ സൂചിപ്പിച്ച 465 രൂപയിലെ പ്രതിരോധം മേഖലയിൽ കൊച്ചിയിൽ മുളക് വിലയെത്തി. വാരാന്ത്യം നിരക്ക് 464 രൂപയാണ്. നവംബറിൽ ആഗോള ഡിമാന്റ് മുൻമാസങ്ങളെ അപേക്ഷിച്ച് ഉയരും. ക്രിസ്മസ് ന്യൂ ഇയർ ഡിമാന്റ് മുളകിന് എരിവ് പകരാം. ഈ അവസരത്തിൽ മലബാർ മുളകിന് പുതിയ ഓർഡറുകൾക്ക് സാധ്യത വിരളമാണ്. ഇന്ത്യൻ കുരുമുളക് വില രാജ്യാന്തര മാർക്കറ്റിൽ ടണ്ണിന് 6650 ഡോളറാണ്. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയറ്റ്‌നാം 4400-4490 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 42,300 രൂപയിൽ നിന്നും 46,400 രൂപയായും ഗാർബിൾഡ് മുളക് വില 44,300 രൂപയിൽ നിന്ന് 48,400 രൂപയായും വർധിച്ചു. 


കുരുമുളകിൽ അതിശക്തമായ ഉണർവ് ദൃശ്യമായെങ്കിലും മറ്റു സുഗന്ധവ്യഞ്ജനങ്ങളായ ചുക്ക്, മഞ്ഞൾ, ജാതിക്ക എന്നിവയിൽ കാര്യമായ വിലമാറ്റം ദൃശ്യമായില്ല. 
ഉത്സവകാല ഡിമാന്റിൽ ഏലക്ക ലേലം സജീവമായി. ഏലം സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഉത്സാഹിച്ചു. വാരാവസാനം മികച്ചയിനങ്ങളുടെ വില കിലോ 1825 രൂപ വരെ ലേലത്തിൽ ഉറപ്പ് വരുത്താനായി. എന്നാൽ ശരാശരി ഇനങ്ങൾ ആയിരം രൂപക്ക് മുകളിൽ പിടിച്ചു നിൽക്കാൻ ക്ലേശിച്ചു. 
റബർ വില വീണ്ടും മുന്നേറി. ടാപ്പിങ് രംഗത്തെ സ്തംഭനം മൂലം സംസ്ഥാനത്ത് ഷീറ്റ് ലഭ്യത ഉയർന്നില്ല. വരവ് ഉയരുമെന്ന് ടയർ കമ്പനികളും ഇതര വ്യവസായികളും പല അവസരത്തിലും കണക്ക് കൂട്ടിയെങ്കിലും വരവ് ഉയർന്നില്ല. സ്‌റ്റോക്കിസ്റ്റുകൾ ചരക്കിൽ പിടിമുറുക്കിയതോടെ ടയർ ലോബി വില ഉയർത്തി. കാലാവസ്ഥ വിലയിരുത്തിയാൽ നവംബർ ആദ്യവരത്തിലും റബർ ഉൽപാദനം ഉയരാൻ ഇടയില്ല. നാലാം ഗ്രേഡ് 17,300 രൂപയിൽ നിന്ന് 17,500 ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 16,900-17,300 രൂപയായി. 


നാളികേരോൽപന്നങ്ങളുടെ വില സ്‌റ്റെഡി. വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് വിലക്കയറ്റത്തിന് തടസ്സമായി. ഏറെ പ്രതീക്ഷളോടെയാണ് എണ്ണ വിപണി ദീപാവലിയെ വരവേൽക്കുന്നതെങ്കിലും വെളിച്ചെണ്ണക്ക് ഡിമാന്റില്ല. രാജ്യത്ത് എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണയുടെ വിൽപന നടക്കുന്നത് ദീപാവലി വേളയിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 16,300 രൂപ കൊപ്ര 10,000 രൂപ. 
സ്വർണ വില ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,800 രൂപയിൽ നിന്ന് 36,040 വരെ കയറിയ ശേഷം ശനിയാഴ്ച 35,760 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1792 ഡോളറിൽ നിന്ന് 1811 ഡോളർ വരെ ഉയർന്ന ഘട്ടത്തിലെ വിൽപന സമ്മർദത്തിൽ 1770 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങിൽ നിരക്ക് 1785 ഡോളറിലാണ്.  

Latest News