Sorry, you need to enable JavaScript to visit this website.

ഓഹരി സൂചികകളെ പിന്നിട്ട വാരം തളർത്തി

ആഭ്യന്തര വിദേശ ധനകാര്യ സ്ഥാപനങ്ങൾ പ്രോഫിറ്റ് ബുക്കിങിനും പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്ടിക്കാനും കാണിച്ച ഉത്സാഹം ഓഹരി സൂചികകളെ പിന്നിട്ട വാരം രണ്ടര ശതമാനം തളർത്തി. സാങ്കേതിക തിരുത്തൽ തുടരാമെങ്കിലും ഈ വാരം ദീപാവലി പ്രമാണിച്ച് വിപണി രണ്ട് ദിവസം അവധിയായതിനാൽ പുൾ ബാക്ക് റാലിക്കുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ദീപാവലി മുഹൂർത്ത കച്ചവടത്തിൽ പ്രാദേശിക ഇടപാടുകാർ സൂചികയിൽ വെടിക്കെട്ട് പ്രതീക്ഷിക്കുന്നു. 


പ്രമുഖ ഓഹരി സൂചികകൾ രണ്ടാം വാരവും തളർന്നു. ബോംബെ സെൻസെക്‌സ് 1515 പോയന്റും നിഫ്റ്റി 443 പോയന്റും നഷ്ടത്തിലാണ്. ഒക്ടോബറിലെ മൊത്തം ചലനങ്ങൾ വിലയിരുത്തിയാൽ ബി.എസ്.ഇ കേവലം 106 പോയന്റും എൻ.എസ്.ഇ 40 പോയന്റും മാത്രം നഷ്ടത്തിൽ ഒതുങ്ങി. ഇന്ന് തുടക്കത്തിൽ സൂചികയിലെ തളർച്ച നിലനിൽക്കാമെങ്കിലും പിന്നീട് തിരിച്ചുവരവ് സാധ്യത. നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ നിന്ന് ചുരുങ്ങിയ ദിവസങ്ങളിൽ 1000 പോയന്റ് താഴ്ന്നു. രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 18,604 ൽ നിന്ന് 17,613 പോയന്റ് വരെ താഴ്ന്നത് മാർക്കറ്റിന്റെ അടിയൊഴുക്ക് ശക്തമാക്കും. വിപണ ി ഓവർ വെയിറ്റായി മാറിയ സാഹചര്യത്തിലാണ് ഫണ്ടുകൾ ലാഭമെടുപ്പിന് മത്സരിച്ചത്.
മുൻവാരം വ്യക്തമാക്കിയതാണ് 17,904 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ടാൽ നിഫ്റ്റി 17,700 റേഞ്ചിലേയ്ക്ക് പരീക്ഷണങ്ങൾ നടത്തുമെന്ന്. വാരാന്ത്യം 17,671 പോയന്റിൽ നീങ്ങുന്ന നിഫ്റ്റി 17,413 ലെ സപ്പോർട്ട് നിലനിർത്തി 18,128 ലേക്ക് ഈ വാരം ഉയരാൻ ശ്രമിക്കാം. ഒരു പുൾ ബാക്ക് റാലിക്ക് അവസരം ലഭിച്ചാൽ ദീപാവലിക്ക് ശേഷം സൂചിക 18,585 നെ ഉറ്റുനോക്കും. എന്നാൽ ആദ്യ താങ്ങായ 17,413 ൽ കാലിടറിയാൽ തിരുത്തൽ 17,155 വരെ നീളാം. 


ബോംബെ സൂചികയിലെ കഴിഞ്ഞ പത്ത് ദിനങ്ങളിലെ ചലനങ്ങൾ വിലയിരുത്തിയാൽ ഏഴ് ദിവസവും സൂചികക്ക് നഷ്ടം നേരിട്ടു. സർവകാല റെക്കോർഡായ 62,245 ൽ നിന്ന് ഇതിനകം 3156 പോയന്റ് ഇടിഞ്ഞു. ചുരുങ്ങിയ ദിവസങ്ങളിലെ ഈ തളർച്ച തിരിച്ചുവരവിന് അവസരം ഒരുക്കാം. സെൻസെക്‌സ് പിന്നിട്ട വാരം 61,513 പോയന്റിൽ നിന്ന് 59,089 വരെ തളർന്ന ശേഷം ക്ലോസിങിൽ 59,306 പോയന്റിലാണ്. സൂചിക 58,425 ലെ ആദ്യ സപ്പോർട്ട് ചവിട്ടു പടിയാക്കി 60,849-62,390 റേഞ്ചിലേയ്ക്ക് ഉയരാം.
വ്യാഴാഴ്ച ദീപാവലി മുഹൂർത്ത വ്യാപാരമാണ്. കഴിഞ്ഞ 25 വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇതിൽ 80 ശതമാനം തവണയും സൂചികയിൽ മുന്നേറിയതിനാൽ ഇക്കുറിയും ചരിത്രം ആവർത്തിക്കാൻ ഇടയുണ്ട്. എന്നാൽ പിന്നിട്ട വാരം രണ്ടാം പകുതിയിൽ കരടിക്കൂട്ടങ്ങൾ രംഗത്ത് ഇറങ്ങി ചോര കുടിക്കാൻ കാണിച്ച ആവേശത്തിൽ പരിഭ്രാന്തരായി കാളക്കൂട്ടങ്ങൾ തൊഴുത്തുകളിലേയ്ക്ക് മടങ്ങിയെങ്കിലും അവർ സംഘടിതരായി വാരമധ്യത്തിൽ രംഗത്ത് തിരിച്ച് എത്താനാണ് സാധ്യത. 


മുൻനിര ഓഹരികളായ എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, എച്ച്.യു.എൽ, സൺ ഫാർമ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ആർ.ഐ.എൽ, ഇൻഫോസീസ്, റ്റി.സി.എസ്, എച്ച്.സി.എൽ, എയർടെൽ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാസ്റ്റീൽ, ഡോ. റെഡീസ്, സിപ്ല, മാരുതി തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.  
വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 15,700 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഒക്ടോബറിലെ അവരുടെ മൊത്തം വിൽപന 25,572 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പോയ വാരം 9,427 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 74.99 ൽ നിന്ന് 75.15 ലേക്ക് ദുർബലമായെങ്കിലും പിന്നീട് മെച്ചപ്പെട്ട് 74.74 ലേയ്ക്ക് കരുത്തു കാണിച്ചങ്കിലും വാരാന്ത്യം രൂപ 74.91 ലാണ്.

Latest News