Sorry, you need to enable JavaScript to visit this website.

ജോജുവിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ

കൊച്ചി- ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ അനുകൂലിച്ചും എതിര്‍ത്തും സമൂഹ മാധ്യമങ്ങള്‍.  ജോജുവിന്റെ സമൂഹമാധ്യമ പേജുകളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ ധാരാളമാണ്. ജോജുവിനെ പിന്തുണച്ചും നിരവധി  പേര്‍ രംഗത്തുണ്ട്.
പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം പ്രതിഷേധ പരിപാടികള്‍ക്കെതിരെ  ഏതൊരു പൗരനെയും പോലെ പ്രതികരിക്കാന്‍ ജോജുവിനും അവകാശമുണ്ടെന്ന് ഇവര്‍ പറഞ്ഞു.
ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെ കൊച്ചിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയിരുന്നു.

ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. ഇത് ഗുണ്ടായിസമാണ്. ഞാന്‍ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാന്‍ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാന്‍ പറ്റുമോ ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കറ്റമുണ്ടായത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു.

കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്ന് ജോജു മറുപടി നല്‍കി. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.  ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്.

 

Latest News