ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ജേക്കബ് തോമസിനെതിരായ  എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി- ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ്, സര്‍ക്കാര്‍ ഖജനാവിന് 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2009 - 2014 കാലഘട്ടത്തിലാണ് ഇദ്ദേഹം തുറമുഖ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജസ്റ്റിസ് നാരായണ പിഷാരടിയുടെ സിംഗിള്‍ ബെഞ്ചാണ് കുറ്റപത്രം റദ്ദാക്കിയത്. ജേക്കബ് തോമസിനായി അഭിഭാഷകന്‍ സി. ഉണ്ണികൃഷ്ണന്‍ ഹാജരായി.
ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടര്‍ ആയിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. സര്‍ക്കാര്‍ അനുമതിക്കു ശേഷം രേഖകളില്‍ മാറ്റം വരുത്തി ടെന്‍ഡര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്കു കൈമാറിയെന്നാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ 2014ല്‍ വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സമയത്ത് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എഡിജിപി.തോമസ് ജേക്കബിന് എതിരെയായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജനയാനന്ദിന്റെ ശുപാര്‍ശ. 2016ല്‍ കണ്ണൂരില്‍ നിന്നുള്ള രാജീവ് ഗാന്ധി കണ്‍സ്ട്രക്ഷന്‍ കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ധനകാര്യ വകുപ്പിനു നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.തുടര്‍ച്ചയായി നാല് തവണയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തത്. ഇപ്പോള്‍ ഡ്രഡ്ജര്‍ അഴിമതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത് ജേക്കബ് തോമസിന് ആശ്വാസമാണ്.


 

Latest News