കേന്ദ്രത്തിന് നവംബര്‍ 26 വരെ സമയം തരാം... മുന്നറിയിപ്പുമായി കര്‍ഷക നേതാവ്

ന്യൂദല്‍ഹി- കര്‍ഷക സമരം ഒരും വര്‍ഷം പൂര്‍ത്തിയാക്കുന്ന നവംബര്‍ 26നകം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ദല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ അധ്യക്ഷന്‍ രാകേഷ് ടിക്കായത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ നവംബര്‍ 27 മുതല്‍ ദല്‍ഹി അതിര്‍ത്തിയിലെ വിവിധ സമരകേന്ദ്രങ്ങളിലേക്ക് വിവിധ ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുമായി എത്തുമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നുമാണ് ടിക്കായത്തിന്റെ പുതിയ മുന്നറിയിപ്പ്. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ടിക്കായത്തിന്റെ മുന്നറിയിപ്പ്. 

ദല്‍ഹി അതിര്‍ത്തികളില്‍ നിന്ന് സമരം ചെയ്യുന്ന കര്‍ഷകരെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ബലംപ്രയോഗിച്ച് മാറ്റിയാല്‍ രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഓഫീസുകളെ ധാന്യ ചന്തകളാക്കി മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമരക്കാരുടെ കുടിലുകള്‍ തകര്‍ത്താല്‍ പോലീസ് സ്റ്റേഷനുകളിലും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലും കുടില്‍ കെട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. സമരക്കാര്‍ തമ്പടിച്ച അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ മാറ്റിത്തുടങ്ങിയിരുന്നു.

2020 നവംബര്‍ 26 മുതലാണ് ദല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന തിക്രി, സിന്‍ഘു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ആരംഭിച്ചത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ ഫലംകണ്ടില്ല. 

Latest News