ഗുഡ്ഗാവ്- ആധാർ കാർഡ് കയ്യിലില്ലാത്തതിനെ തുടർന്ന് സർക്കാർ ആശുപത്രി പ്രവേശനം നിഷേധിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിക്ക് പുറത്തു ആളുകൾ നോക്കി നിൽക്കെ പ്രസവിച്ചു. ഗുഡ്ഗാവ് സിവിൽ ആശുപത്രിയാണ് 25കാരിയായ യുവതിക്ക് ചികിത്സനിഷേധിച്ചത്. ആധാർ നമ്പർ നൽകിയെങ്കിലും കയ്യിൽ കാർഡ് ഇല്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട യുവതിയും കുടുംബവും ആശുപത്രി വിടുന്നതിനിടെയാണ് പ്രസവ വേദന കലശലാകുകയും പ്രസവിക്കുകയും ചെയ്തത്. ആളുകൾക്കിടയിൽ ഷാൾ കൊണ്ട് മറ കെട്ടിയാണ് ബന്ധുക്കൾ പ്രസവമെടുത്തത്. ആശുപത്രിക്ക് പുറത്തു വച്ച് പ്രസവിച്ചതോടെ അമ്മയേയും കുട്ടിയേയും ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
സംഭവം പ്രതിഷേധത്തിനിടയാക്കിയതോടെ ഒരു ഡോക്ടറേയും നഴ്‌സിനേയും അധികൃതർ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് യുവതിക്ക് പ്രസവ വേദന തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ഉടൻ തന്നെ ആംബുലൻസിൽ സിവിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അഡ്മിറ്റ് ചെയ്യുന്നതിന് ആധാർ കാർഡ് ചോദിച്ചു. നമ്പർ നൽകുകയും കാർഡ് പിന്നീട് എത്തിക്കാമെന്നു പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ സമ്മതിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.
കൂലിപ്പണിക്കാരാനായ ഭർത്താവ് ബബ്‌ലൂ തന്റെ ആധാർ കാർഡ് കാണിച്ചെങ്കിലും ആശുപത്രി അധികൃതർ സ്വീകരിച്ചില്ല. ഭാര്യയുടെ ആധാർ നമ്പർ രേഖപ്പെടുത്തി ചികിത്സ നൽകണമെന്നും ആധാർ കാർഡ് ഉടൻ തന്നെ എത്തിക്കാമെന്നും അപേക്ഷിച്ചെങ്കിലും ആധാർ കാർഡ് തന്നെ കൊണ്ടുവരണമെന്ന് ശഠിച്ച് ആശുപത്രി ഉദ്യോഗസ്ഥർ വഴങ്ങിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഗത്യന്തരമില്ലാതെ ആധാർ കാർഡ് പ്രിന്റെടുക്കുന്ന സ്ഥലം തേടി ബബ്‌ലു പുറത്തു പോയെങ്കിലും നടന്നില്ല. തിരിച്ചെത്തിയപ്പോൾ ആശുപത്രിയുടെ രണ്ടാം നിലയിലായിരുന്ന ഭാര്യയെ അവർ പുറത്താക്കിയതാണ് കണ്ടെതെന്നും പുറത്ത് നിലത്തിരുന്ന് പ്രസവിക്കുകയായിരുന്നെന്നും ബബ്‌ലു പറഞ്ഞു.