ശമ്പളം കൂടുന്നത് സ്വീകാര്യമെങ്കില്‍ അല്‍പ്പം വിലക്കയറ്റവും ആകാമെന്ന് മധ്യപ്രദേശ് മന്ത്രി

ഭോപാല്‍- ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില കുതിച്ചുയരുമ്പോഴും താഴെക്കിടയിലുള്ള ബിജെപി പ്രവര്‍ത്തകര്‍ തൊട്ട് മന്ത്രിപദവിയിലിരിക്കുന്ന നേതാക്കള്‍ വരെ ഇന്ധന വില കൂട്ടുന്നതിന് പുതിയ പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വക മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ മഹേന്ദ്ര സിങ് സിസോദിയയുടേതാണ്. താന്‍ ഇക്കാര്യത്തില്‍ പ്രാക്ടിക്കലാണെന്ന മുഖവുരയോടെ ജനങ്ങള്‍ അംഗീകരിക്കുന്ന വര്‍ധനയോട് വിലക്കയറ്റത്തെ സമീകരിച്ചു കൊണ്ടാണ് അദ്ദേഹം ഞായറാഴ്ച പുതിയ തിയറി അവതരിപ്പിച്ചത്. 

ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലെ? വരുമാനം വര്‍ധിക്കുന്നത് നമുക്ക് സ്വീകാര്യമാണെങ്കില്‍ കുറച്ചൊക്കെ വിലക്കയറ്റവും നമുക്ക് അംഗീകരിക്കാം എന്നായിരുന്നു മന്ത്രി പറഞ്ഞത്. സര്‍ക്കാരിന് എല്ലാം ഫ്രീ ആയി കൊടുക്കാനാകില്ല. സര്‍ക്കാര്‍ വരുമാനം കണ്ടെത്തുന്നത് ഇതുവഴിയാണ്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതും- എന്നുകൂടി അദ്ദേഹം പറഞ്ഞു. 

പറഞ്ഞ കാര്യം ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. ശമ്പളത്തില്‍ നിങ്ങള്‍ക്ക് വര്‍ധന ലഭിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം വിലകയറ്റവും ആകാം. ഇതു വളരെ പ്രായോഗികമാണ്. 10 വര്‍ഷം മുമ്പ് എന്റെ ശമ്പളം പതിനായിരം രൂപയായിരുന്നു. ഇപ്പോള്‍ അമ്പതിനായിരം ഉണ്ട്. എങ്കിലും പെട്രോളും ഡീസലും 10 വര്‍ഷം മുമ്പത്തെ വിലയില്‍ തന്നെ കിട്ടണം എന്നു നിങ്ങള്‍ക്ക് പറയാനാകില്ല- സിസോദിയ കാര്യം പറഞ്ഞു. 

വിലയകറ്റം പ്രധാനമന്ത്രി മോഡിയുടെ ഭരണകാലത്ത് മാത്രമാണോ, കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഉണ്ടായിട്ടില്ലെ എന്നൊരു ചോദ്യം അദ്ദേഹം ഉന്നയിച്ചു. ഇതെല്ലാം ഇങ്ങനെ നടന്നു പോകുന്നതാണ്, നാം അതിനെ അംഗീകരിച്ചെ മതിയാകൂ- എന്നാണ് മന്ത്രിക്ക് പറയാനുള്ളത്. 


 

Latest News