Sorry, you need to enable JavaScript to visit this website.

ലബനന്‍ പ്രശ്‌നം: കുവൈത്തിനും ബഹ്‌റൈനും നന്ദി അറിയിച്ച് സല്‍മാന്‍ രാജാവ്

റിയാദ്- യെമനിലെ സഖ്യസേനയുടെ പോരാട്ടം സംബന്ധിച്ച് ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സൗദി അറേബ്യയോടൊപ്പം നിലയുറപ്പിച്ച കുവൈത്ത്, ബഹ്റൈന്‍ നേതാക്കള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നന്ദി പറഞ്ഞു.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, ബഹ്റൈനിലെ ഹമദ് രാജാവ് എന്നിവരുമായി നടത്തിയ ഫോണ്‍ കോളുകളില്‍, സൗദിയോടുളള ഐക്യദാര്‍ഢ്യത്തെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് രാജാവ് പറഞ്ഞു.
യെമനിലെ യുദ്ധത്തെ സൗദി 'ആക്രമണം' എന്നാണ് ലബനന്‍ മന്ത്രി ജോര്‍ജ് കോര്‍ദാഹി വിശേഷിപ്പിച്ചത്. ഇറാന്‍ അനുകൂല ഹൂത്തികള്‍ സ്വയം പ്രതിരോധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന് സൗദി അറേബ്യ ലബനന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ലബനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി.
കുവൈത്തും ബഹ്‌റൈനും ഇതേ പാത പിന്തുടര്‍ന്ന് ലബനീസ് അംബാസര്‍മാരെ  പുറത്താക്കിയിരുന്നു. രാജിവെക്കണമെന്ന ആവശ്യം നിരാകരിച്ച കോര്‍ദാഹി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഇതോടെ വഷളായി. പ്രശ്‌നം ഉടന്‍ പരിഹൃതമാകുമെന്ന് ലബനോന്‍ വിദേശമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മാറ്റമൊന്നുമുണ്ടായിട്ടില്ല.
തന്റെ രാജ്യവും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ജി.സി.സി രാജ്യങ്ങളുടെ ഐക്യവും ബഹ്റൈന്‍ രാജാവ് സംഭാഷണത്തില്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി. തന്റെ രാജ്യം സ്വീകരിച്ച നടപടികള്‍ ജി.സി.സി രാജ്യങ്ങളുടെ ഐക്യവും അതിലെ ജനങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെ ആഴവും ഉറപ്പിക്കുന്നതാണെന്ന് കുവൈത്ത് അമീറും പറഞ്ഞു.

 

 

Latest News