ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പോക്‌സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി-പോക്സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ്  കേസ്.

മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 മുതലാണ് പീഡനം നടന്നത്. മോന്‍സന്‍ അറസ്റ്റിലാകുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം വരെ പീഡനം തുടര്‍ന്നു. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയും അമ്മയും മൊഴി നല്‍കിയിരുന്നു.

പീഡനം ആരോപിച്ച് മോന്‍സന്റെ മസ്സാജിംഗ് സെന്ററിന്റെ ചുമതലക്കാരിയായിരുന്ന യുവതി നല്‍കിയ പരാതിയും കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വഷിക്കുന്നത്. ഈ കേസുകളില്‍ ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. അവിശ്വസനീയമായ കഥകളാണ് ഇയാള്‍ പറയുന്നത്. കേസില്‍ മോന്‍സണ്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

 

 

 

Latest News