ന്യൂദല്‍ഹി- ദീപാവലിക്ക് മുന്നോടിയായി ദല്‍ഹി വിപണികളില്‍ നിന്നുള്ള വന്‍ തിരക്കിന്റെ ദൃശ്യങ്ങള്‍ കോവിഡ് അണുബാധയുടെ വര്‍ധനവിനെക്കുറിച്ച് ഭീതി ഉയര്‍ത്തി.
പ്രധാന മാര്‍ക്കറ്റുകളായ ലജ്പത് നഗര്‍, സദര്‍ ബസാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഭീകരമാണ്. കടകള്‍ക്ക് പുറത്ത് ഉപഭോക്താക്കളുടെ വന്‍ തിരക്കാണ്. മിക്കവരും മാസ്‌ക് ഇല്ലാതെയും ശാരീരിക അകലം പാലിക്കാതെയുമാണ് കാണപ്പെടുന്നത്.
ഇത് അരാജകത്വമാണെന്ന് സദര്‍ ബസാര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ദേവരാജ് ബവേജ പറഞ്ഞു. 'ഉത്സവങ്ങള്‍ പൊതുവെ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു, എന്നാല്‍ ആളുകള്‍ കോവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്യണമായിരുന്നു. ആരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ തടയാന്‍ ഭരണകൂടം ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന് ചാന്ദ്നി ചൗക്ക് സര്‍വ വ്യാപാരി മണ്ഡലം പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ പറഞ്ഞു.