പ്രസാദത്തില്‍ ഉറക്കമരുന്ന് നല്‍കി പീഡനം, സിദ്ധന്‍ അറസ്റ്റില്‍

തിരുവനന്തപുരം- വിവാഹ തടസ്സം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍. നഗ്‌ന ഫോട്ടോകള്‍ സോഷ്യല്‍ മീഡീയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ എംഎസ്‌കെ നഗര്‍ സ്വദേശി ദിലീപിനെയാണ് (37) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

തനിക്ക് മന്ത്രമൂര്‍ത്തിയുടെ അനുഗ്രഹമുണ്ടെന്നും വിവാഹത്തിനുള്ള തടസങ്ങളും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും മാറ്റിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍  കബളിപ്പിച്ചത്. പ്രതിയുടെ വീടിനോട് ചേര്‍ന്നുള്ള പ്രത്യേക പൂജാമുറിയിലെത്തിയ യുവതിയെ പ്രസാദത്തില്‍ ഉറക്കമരുന്ന് നല്‍കി മയക്കിയ ശേഷമാണ് ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്.  ഇത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ  ഭീഷണിപ്പെടുത്തി 30 പവനോളം സ്വര്‍ണവും പണവും ഇയാള്‍ തട്ടിയെടുത്തതായി പറയുന്നു.  പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ്  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News