ജമ്മു - ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ നിന്നും കാണാതായ നാടോടി കുടുംബത്തിലെ എട്ടു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊന്ന കേസിൽ സ്‌പെഷൽ പോലീസ് ഓഫീസർ ദീപക് ഖുജാരിയയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നിയോഗിച്ച തിരച്ചിൽ സംഘത്തിൽ അംഗമായിരുന്നു ഈ ഓഫീസർ. കാണാതായി ഒരാഴ്ചയ്ക്കു ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ ദീപക് ഖുജാരി കുട്ടിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. െ്രെകം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ഹീര നഗർ പോലീസ് സ്‌റ്റേഷനിലെ 28കാരനായ എസ്പിഒ ഖജാരിയയെ അറസ്റ്റ് ചെയ്തത്.
കുതിരകളെ മേയ്ക്കുന്നതിനിടെ ജനുവരി 10നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. മൃതദേഹം കണ്ടെത്തിയത് ജനുവരി 17നും. ഖുജാരിയയും പ്രായപൂർത്തിയാകാത്ത മറ്റൊരു ആൺകുട്ടിയും ചേർന്ന് പെൺകുട്ടിയെ ഒരാഴ്ചയോളം തടങ്കലിൽ വച്ച് പീഡിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. ഈ കുറ്റകൃത്യത്തിൽ ഇയാൾക്കുള്ള പങ്കിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി അലോക് പുരി പറഞ്ഞു.
കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ടെന്നും ഇതു ചെയ്തത് നാടോടി കുടുംബങ്ങൾക്കിടയിൽ ഭീതി പടർത്താനായിരുന്നെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് നാടോടി കുടുംബങ്ങൾ ജനുവരി 21ന് ഹീര നഗർ പോലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയപ്പോൾ അതിനെതിരെ ആദ്യം ലാത്തി വീശിയത് കേസിൽ പ്രതിയെന്ന് കണ്ടെത്തിയ ഖുജാരിയ ആയിരുന്നെന്നും ഇവർ ആരോപിക്കുന്നു. ലാത്തി പ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയും ഈ പോലീസുകാരൻ നാടോടികൾക്കെതിരെ ലാത്തി വീശുകയും അതിക്രമം കാട്ടുകയും ചെയ്തിരുന്നെന്നും അവർ ആരോപിക്കുന്നു.






