അഫ്ഗാനിലെ വനിതാ ജഡ്ജിമാരെ സാഹസികമായി ഒഴിപ്പിച്ച് ലണ്ടന്‍ അഭിഭാഷകന്‍, സുരക്ഷിതമായി ഏഥന്‍സിലെത്തിച്ചു

ലണ്ടന്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരമേറ്റ ശേഷം ഭീഷണിയിലായ വനിതാ ജഡ്ജിമാരെ കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ സഹായിക്കുന്നതിനായി ബ്രിട്ടനിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ 1.3 ദശലക്ഷം ഡോളറിലധികം സമാഹരിച്ചു.

ബറോണസ് കെന്നഡി എന്ന അഭിഭാഷകന്‍ ഒരു സംഘം അഭിഭാഷകരുമായി ചേര്‍ന്നാണ് കാബൂളില്‍ നിന്ന് ഏഥന്‍സിലേക്ക് പലായനം ചെയ്യാനുള്ള ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യുകയും ജഡ്ജിമാരെ ഒഴിപ്പിക്കുകയുംചെയ്തത്. ഒഴിപ്പിക്കപ്പെട്ടവരില്‍ പലരും ഏഥന്‍സില്‍ താല്‍ക്കാലിക താമസസ്ഥലങ്ങളില്‍ പാര്‍ക്കുകയാണ്.
മൂന്നാഴ്ച മുമ്പ് കെന്നഡി ചാര്‍ട്ടര്‍ ചെയ്ത ആദ്യത്തെ വിമാനം 26 വനിതാ ജഡ്ജിമാരെയും അവരുടെ കുടുംബാംഗങ്ങളെയും കൊണ്ടുപോയി. അടുത്ത രണ്ട് വിമാനങ്ങളില്‍ 77 വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടെ 375 പേര്‍ ഉണ്ടായിരുന്നു.

ഗ്രീക്ക് പ്രസിഡന്റും മുന്‍ ജഡ്ജിയുമായ കാറ്റെറിന സകെല്ലറോപൗലോയെ ഈ കുടുംബങ്ങളെ സ്വീകരിക്കാന്‍ കെന്നഡി പ്രേരിപ്പിച്ചു. ജോര്‍ജിയന്‍ സര്‍ക്കാരും അവരുടെ ട്രാന്‍സിറ്റ് അനുവദിച്ചു.

'ഈ സ്ത്രീകള്‍ വലിയ അപകടത്തിലായിരുന്നു. ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ കോടതികള്‍ നടത്തുകയായിരുന്നു, അവരില്‍ പലരും താലിബാന്‍കാരെ ജയിലിലടച്ചിരുന്നു-' കെന്നഡി പറഞ്ഞു.

 

Latest News