തിരുവനന്തപുരം- മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് അഡ്വ.ഹരീഷ് വാസുദേവന്‍. ഇങ്ങനെ ഇളവ് കൊടുക്കാന്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ട് മാത്രമുള്ള മതവിശ്വാസമേ രാജ്യത്ത് അനുവദിച്ചിട്ടുള്ളൂവെന്നും കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മതപരമായ കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്? ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്ത്യയില്‍ സമ്മതിച്ചിട്ടുള്ളൂ.
പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്‌സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് ശിവന്‍കുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്.
ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്‌സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണം.
(അലര്‍ജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാല്‍ വാക്‌സിനില്‍ ഉള്ള ഇളവ് നല്‍കേണ്ടത് ഭരണഘടനാപരമാണ്.)