ത്രിപുരയില്‍ വലതിനേയും ഇടതിനേയും തീര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

അഗര്‍ത്തല- തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ രണ്ടു തവണ തടഞ്ഞ റാലി കോടതി അനുമതിയോടെ അഗര്‍ത്തലയില്‍ ഇന്ന് പാര്‍ട്ടി സംഘടിപ്പിച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും നേരത്തെ ഭരിച്ച ഇടതു പക്ഷത്തിനുമെതിരെ ആഞ്ഞടിച്ചായിരുന്നു റാലിയില്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ പ്രസംഗം. ത്രിപുരയില്‍ വലതിനേയും ഇടതിനേയും തൃണമൂല്‍ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എന്ന വൈറസിന് ഒരു വാക്‌സിന്‍ മാത്രമെയുള്ളൂ. അതിന്റെ പേരാണ് മമത ബാനര്‍ജി. ത്രിപുരയിലെ ജനങ്ങള്‍ക്ക് രണ്ട് ഡോസ് വേണ്ടി വരും. ഒന്ന് തദ്ദേശ തെരഞ്ഞെടുപ്പിലും രാണ്ടാമത്തേത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലും. അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ എല്ലാ സീറ്റിലും മത്സരിക്കും- അഭിഷേക് പറഞ്ഞു. ജനുവരിയില്‍ പാര്‍ട്ടി വിട്ട് മുന്‍ ബംഗാള്‍ മന്ത്രി രാജിവ് ബാനര്‍ജി അഗര്‍ത്തലയിലെ റാലിയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 

നേരത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് രണ്ടു തവണ തൃണമൂല്‍ റാലിക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതോടെ തൃണമൂല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി റാലിക്ക് അനുമതി നല്‍കിയത്. 500 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഉപാധിയോടെ ആയിരുന്നു അനുമതി. തൃണമൂല്‍ റാലി നടന്ന സ്ഥലത്തെ പാര്‍ട്ടി കൊടികളും തോരണങ്ങളും അഞ്ജാതര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 

Latest News