Sorry, you need to enable JavaScript to visit this website.

പെന്‍ഷന്‍ കിട്ടാന്‍ സഹായിക്കണം, അല്ലെങ്കില്‍ ആത്മഹത്യ  ചെയ്യേണ്ടിവരും-  ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പി.എ ജോപ്പന്‍

കൊല്ലം- മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം. സോളാര്‍ വിവാദത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പനാണ് തനിക്ക് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും സഹായം ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് മുമ്പിലുള്ളതെന്നും ജോപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നെന്നാണ് ജോപ്പന്റെ പരാതി. പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവര്‍ തന്റെ പെന്‍ഷന്‍ ഫയല്‍ മടക്കുകയാണെന്നും ജോപ്പന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചുള്ള ജോപ്പന്റെ  കുറിപ്പ്.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് ജോപ്പന്‍ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയില്‍ ജോപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരില്‍ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇതും നഷ്ടത്തിലായെന്നും പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഉള്ള ഏക വഴി എന്നും ജോപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
 

Latest News