Sorry, you need to enable JavaScript to visit this website.

കശ്മീർ കലുഷിതമാക്കിയത് വർഗീയവാദികൾ

കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീർത്ത കുറ്റത്തിൽ വലിയ പങ്ക് ഗവർണറായിരുന്ന ജഗ്‌മോഹനാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്നേഹമുണ്ടായിരുന്നില്ല. എന്നാൽ ബി.കെ. നെഹ്റു അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരി വേര് ഉണ്ടായിരുന്നുവല്ലോ.
370 ാം വകുപ്പ് എടുത്തുകളയാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 

 

കശ്മീർ വിഷയം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. 1947 ൽ ഇന്ത്യാ വിഭജനം നടന്നുവെന്ന് പലരും പ്രസ്താവിക്കുന്നത് അത്ര ശരിയല്ല. അത് കേട്ടാൽ തോന്നുക നേരത്തെ ഇവിടെ സുശക്തവും സുഭദ്രവുമായ ഒരു രാഷ്ട്രമുണ്ടായിരുന്നുവെന്നാണ്. വസ്തുത അങ്ങനെയല്ല. പരസ്പരം പോരടിച്ച /പോരടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഭാഷ, വേഷം, ആഹാര രീതി, ആചാര സമ്പ്രദായങ്ങൾ ഉൾപ്പെടെ വൈജാത്യങ്ങൾ മാത്രമല്ല, വൈരുധ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവയെ ഇന്ത്യൻ യൂനിയനിൽ സമർഥമായും കുറച്ചൊക്കെ ബലാൽക്കാരമായും ലയിപ്പിച്ചതിന് പ്രതിഫലമായാണ് കാൽ നൂറ്റാണ്ടിലേറെക്കാലം ആ രാജകുടുംബങ്ങൾക്ക് പ്രീവിപേഴ്സ് (മാലിഖാൻ) നൽകേണ്ടി വന്നത്. പിന്നീട് ഇന്ദിരാഗാന്ധിയാണ് അത് നിലനിർത്തലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേകമായ ചില സംഗതികൾ വകവെച്ചു കൊടുക്കുന്നതിന്റെ കാരണം ഇന്ത്യൻ യൂനിയനിൽ ലയിക്കുമ്പോൾ നൽകിയ ഉറപ്പാണ്.


ഇന്ത്യ സ്വതന്ത്രയായതിന് ശേഷം കുറഞ്ഞത് രണ്ട് തലമുറയെങ്കിലും പിന്നിട്ടു കഴിഞ്ഞു. ഇന്ന് 80 വയസ്സിന് മുകളിലുള്ളവർക്കേ 1947 ന്റെ ചെറിയ ഓർമയെങ്കിലുമുണ്ടാവൂ. എന്തിനേറെ പറയുന്നു, 1975 ലെ അടിയന്തരാവസ്ഥയെപ്പറ്റി അറിയാത്തവരായിരിക്കും ഇന്ന് 55 വയസ്സിന് താഴെയുള്ളവർ. ഇത്രയും പറഞ്ഞത് നാട്ടിന്റെ ചരിത്രത്തെ നേരെ ചൊവ്വെ അറിയാത്തവരാണ് ഇന്നത്തെ വോട്ടർമാരിൽ (പതിനെട്ടു വയസ്സിനു മുകളിലുള്ളവർ) മഹാഭൂരിപക്ഷവും എന്ന് തിരിച്ചറിയാനാണ.് ഇങ്ങനെയുള്ള സമൂഹത്തിന് കശ്മീർ വിഷയത്തിന്റെ ഉള്ളുകള്ളികൾ കൃത്യമായി ഗ്രഹിക്കാൻ വളരെ പ്രയാസമുണ്ടാകും. 
കശ്മീരിൽ ചീഫ് ജസ്റ്റിസായും പത്ത് ദിവസം ഗവർണറായും സേവനമനുഷ്ഠിച്ച പരേതനായ ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ നിരീക്ഷണം കൂടി കാണുക:
''ആ ഒരു വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോൾ അവിടെ നടക്കുന്ന സംഭവങ്ങൾ അറിയുമ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. കുറെ കാര്യങ്ങളിലെങ്കിലും നമ്മുടെ സർക്കാരിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്മോഹനെ ഗവർണറാക്കി കശ്മീരിൽ അയച്ചു എന്നതാണ് ഇന്ദിരാഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്മോഹൻ കശ്മീരികളെ ഒട്ടും സ്നേഹിച്ചിരുന്നില്ല. ജഗ്മോഹൻ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി.കെ. നെഹ്റുവായിരുന്നു ഒരു ഘട്ടത്തിൽ അവിടെ ഗവർണർ. അദ്ദേഹം വളരെ മാന്യനായിരുന്നു. വിരമിച്ചതിന് ശേഷവും അത് തുടർന്നു. ഇന്ദിരാഗാന്ധിയും ബി.കെ. നെഹ്റുവും തമ്മിൽ അത്ര രസത്തിലായിരുന്നില്ല, അവർ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി.കെ. നെഹ്റുവിനോട് ഫറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യില്ലെന്നും അസംബ്ലിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടിലദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി.കെ. നെഹ്റു അമേരിക്കയിലൊക്കെ ലക്ചർ ടൂറിന് പോകാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല.


ഞാൻ ചെന്ന കാലത്ത് പക്ഷേ യാത്രക്ക് ലീവെടുക്കാൻ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. അങ്ങനെ ഗവർണർ പദവിയിലിരിക്കേ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്ടിങ് ഗവർണർ. ഏറെ കഴിയുന്നതിനു മുമ്പേ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്മോഹൻ വന്നത്. പിറ്റെ ദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയേയും. ഏറെ നേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലർന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് ........കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാൽ ആരും സുപ്രീം കോടതിയിൽ പോകാറുമില്ല. വാസ്തവത്തിൽ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രീം കോടതിയിൽ പോയിരുന്നുവെങ്കിൽ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു....... ചരിത്രപരമായി നോക്കിയാൽ കശ്മീരികളെ ഇന്ത്യൻ ഗവണ്മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാകുമോയെന്നാണ്. ഹിതപരിശോധന മുഖേന ആർക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം. അതവർ വിശ്വസിച്ചു. എന്നാലത് നടന്നില്ല. ഹരികൃഷ്ണയായിരുന്നല്ലോ കശ്മീർ രാജാവ്. അദ്ദേഹം ഇന്ത്യക്കൊപ്പം ചേരാൻ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീർ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നൽകിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികൾക്ക്. മാത്രമല്ല, കശ്മീരിലെ ഓഫീസുകളിലെവിടെയും അർഹിക്കുന്ന പ്രാതിനിധ്യം അവർക്കുണ്ടായിരുന്നില്ല. കശ്മീരികൾക്ക് മുഖ്യധാരയിലേക്കെത്താൻ ഒന്നും ചെയ്തുകൊടുത്തല്ല. വികസന കാര്യത്തിൽ ശ്രദ്ധിച്ചില്ല.


പദ്ധതികൾ രൂപപ്പെടുത്തുമെന്ന വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവർക്കിപ്പോഴുമുണ്ട്. ..അത് കേൾക്കാനും പരിഹരിക്കാനും സന്നദ്ധരായാൽ മതിയായിരുന്നു. കശ്മീരികളിലധികവും പാവങ്ങളാണ്... കശ്മീരികൾക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയിൽ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീർത്ത കുറ്റത്തിൽ വലിയ പങ്ക് ഗവർണരായിരുന്ന ജഗ്‌മോഹനാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്നേഹമുണ്ടായിരുന്നില്ല. എന്നാൽ ബി.കെ. നെഹ്റു അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരിവേര് ഉണ്ടായിരുന്നുവല്ലോ. 370 ാം വകുപ്പ് എടുത്തുകളയാൻ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങനെതന്നെ നിലനിർത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചൽപ്രദേശിനും അരുണാചൽ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങൾ . അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോൾ കഴിയില്ല. തെരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംല കരാർ പ്രകാരമാണ് എല്ലാ പരിഹാര ശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീർ ജനതയുടെ മുഴുവൻ വിശ്വാസവും ആർജിച്ചെടുക്കാൻ കഴിയുന്ന പദ്ധതികളും പ്രവർത്തനങ്ങളുമാണ് പരിഹാര മാർഗം.

Latest News