വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്: മൂന്നു പേര്‍കൂടി പിടിയില്‍

നെടുമ്പാശ്ശേരി- വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കോട്ടയം വിജയപുരം ലൂര്‍ദ് വീട്ടില്‍ ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുല്‍ സലാം (35), വൈക്കം ഇടത്തി പറമ്പില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാഗമ്പടത്ത് ദ്രോണ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി നടത്തുന്ന സിജോ ജോര്‍ജ് വിദ്യാര്‍ഥിയില്‍ നിന്ന് 30,000 രൂപ വാങ്ങി യു.പി ബോര്‍ഡിന്റെ വ്യാജ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിക്ക് 4000 രൂപ വാങ്ങി മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുടെ ബി.ബി.എ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കിയത് അബ്ദുല്‍ സലാമാണ്. പെരിന്തല്‍മണ്ണയില്‍ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കൊച്ചിയില്‍ ഫ്‌ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്‌ളൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബി.കോം സര്‍ട്ടിഫിക്കറ്റാണ് 40,000 രൂപക്ക് തരപ്പെടുത്തി നല്‍കിയത്.
ഇവരുടെ സ്ഥാപനങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും, സര്‍ടിഫിക്കറ്റുകളുടേയും ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

Latest News