വളാഞ്ചേരി-ഓട്ടൻതുള്ളൻ കലാകാരനു വളാഞ്ചേരിയിൽ മർദനമേറ്റു. കൊളത്തൂർ സ്വദേശിയായ ഓട്ടൻതുള്ളൽ കലാകാരനെയാണ് കാറിലെത്തിയ രണ്ടംഗ സംഘം മർദിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു നിർബന്ധിച്ചപ്പോൾ എതിർത്തതിനാണ് മർദിച്ചതെന്നു വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് പറഞ്ഞു. സംഭവത്തിൽ വലിയകുന്ന് സ്വദേശി നൗഫലിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച അർധരാത്രി രണ്ടു മണിയോടെ വളാഞ്ചേരി ടൗണിൽ വച്ചാണ് സംഭവം. താമരശേരിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ബസിൽ വളാഞ്ചേരിയിൽ
വന്നിറങ്ങിയ യുവാവ് തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കുന്നതിനിടെ കാറിലെത്തിയ രണ്ടുപേർ അടുത്തേക്കു വിളിക്കുകയായിരുന്നു. മുൻപരിചയമുള്ളവരാണെന്നു കരുതി കാറിനടുത്തേക്കെത്തിയ എത്തിയ യുവാവിനോടു കാറിൽ കയാറാനും ഒരു മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു ഇവിടെ തന്നെ കൊണ്ടുവിടാമെന്നും സംഘം പറഞ്ഞു. പ്രകൃതി വിരുദ്ധലൈംഗിക ബന്ധത്തിനു നിർബന്ധിക്കുകയാണെന്നു മനസിലാക്കിയ യുവാവ് എതിർത്തതോടെ കാറിൽ നിന്നു പുറത്തിറങ്ങിയ സംഘം ആളുകൾ നോക്കി നിൽക്ക മർദിച്ചു അവശനാക്കി. ഓട്ടൻതുള്ളലിനു ശേഷം മുഖത്തെ ചമയങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നില്ല. ഇതായിരിക്കാം ഇത്തരം പ്രവൃത്തിക്കു വേണ്ടി നിർബന്ധിച്ചതിനു പിന്നിലെന്നു യുവാവ് പറയുന്നു. ഏറെകാലമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുള്ള യുവാവ് അന്തരിച്ച പ്രശസ്ത തുള്ളൽകലാകാരൻ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ്.