ഏഴു വയസ്സുള്ള കുട്ടിയോട് അതിക്രമം; അമ്പതുകാരന്‍ പിടിയില്‍

കൊല്ലം- ഏഴു വയസുള്ള ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആളെ പോലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം വാടി വയലില്‍ പുരയിടത്തില്‍ ജോണ്‍ (50) ആണ്  പിടിയിലായത്.
പള്ളിത്തോട്ടം സ്വദേശിയായ ഏഴു വയസുകാരനാണ് അതിക്രമത്തിനിരയായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ജോണ്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ തുടങ്ങിയത്. മിഠായിയും ചോക്ലേറ്റും നല്‍കി വശത്താക്കിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്.

പ്രതി കുട്ടിക്ക് മിഠായി നല്‍കി സ്വന്തം വീട്ടിലെത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ആര്‍. ഫയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest News