Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിന്‍ അഴിമതിയില്‍ കര്‍ണാടക രാഷ്ട്രീയം കുലുങ്ങുന്നു; ആയിരം കോടിയിലേറെ രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ചു

ബംഗലൂരു- ബിറ്റ്കോയിന്‍ അഴിമതിയില്‍  കര്‍ണാടക രാഷ്ട്രീയം കുലുങ്ങുന്നു. പോലീസ് അറസ്റ്റ് ചെയ്ത അന്താരാഷ്ട്ര ഹാക്കറില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് ആയിരം കോടിക്ക് മേല്‍ വിലമതിക്കുന്ന ബിറ്റ്‌കോയിനുകള്‍ കൈമാറ്റം ചെയ്തുവെന്നാണ് പിടിയിലായ ഹാക്കര്‍ നല്‍കുന്ന വിവരം.

2018 ന്റെ തുടക്കത്തില്‍ ബംഗളൂരുവിലെ ഹൈ എന്‍ഡ് പബ്ബില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് 20 വയസുള്ള ശ്രീകൃഷ്ണ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി പോലീസുകാരെ വട്ടംകറക്കിക്കൊണ്ടിരിക്കുകയായിരുന്നു ഹാക്കര്‍ ശ്രീകൃഷ്ണ.

പോലീസ് പറയുന്നതനുസരിച്ച്, ഹാക്കര്‍ തന്റെ ബിസിനസിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രണ്ട് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ഹാക്ക് ചെയ്ത് 2000 കോടി രൂപ വിലമതിക്കുന്ന 5000 ബിറ്റ്‌കോയിനുകള്‍ മോഷ്ടിച്ചതായി ശ്രീകൃഷ്ണ അവകാശപ്പെടുന്നു. നിരവധി സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുകയും നൂറുകോടിയോളം വരുന്ന ടെന്‍ഡറുകളില്‍ കൃത്രിമം നടത്തുകയും ചെയ്തിട്ടുണ്ടെന്നും അയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇയാളുടെ സൈബര്‍ തട്ടിപ്പുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തിവരികയാണ്.

ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് ഈ ബിറ്റ്കോയിനുകള്‍ കൈമാറാന്‍ ശ്രീകൃഷ്ണ നിര്‍ബന്ധിതനായി എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച ചില പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിലുണ്ട്.

 

Latest News