ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ഈയിടെ നടന്ന കല്ലെറിയല്‍ സംഭവങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥരുടെ മൂന്ന് കുട്ടികളാണ് വിഷയം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചത്.
ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ജനുവരി 27 ന് ജനക്കൂട്ടം നടത്തിയ കല്ലേറിനെ കുറിച്ച് മതിയായ അന്വേഷണം നടത്തണമെന്നും സംഭവത്തില്‍ ഇടപെടണമെന്നും പരാതികളില്‍ ആവശ്യപ്പെട്ടതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ജനക്കൂട്ടം കല്ലെറിഞ്ഞും മറ്റും സുരക്ഷാ സേനക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കുട്ടികള്‍ പരാതികളില്‍ പറഞ്ഞു. പരാതികളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് വസ്തുതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
താഴ്‌വരയിലെ ഇപ്പോഴത്തെ സ്ഥിതിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും വിന്യസിച്ചിരിക്കുന്ന ഭടന്മാരുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷാ പ്രശ്‌നവും കുട്ടികളുടെ ഹരജികളില്‍ ഉന്നയിച്ചിട്ടുണ്ട്. കശ്മീരില്‍ സൈനികരുടെ പൗരാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയാണെന്നാണ് ഹരജികളില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഷോപിയാനില്‍ സൈനിക വ്യൂഹത്തിനുനേരെ പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്ന വസ്തുത നിലനില്‍ക്കെയാണ് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നിവേദനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സംരക്ഷണത്തിനുവേണ്ടി നിയോഗിക്കപ്പെട്ട ജനങ്ങളില്‍നിന്ന് തന്നെ സൈനികര്‍ അതിക്രമങ്ങള്‍ നേരിടുകയാണെന്ന് തീയതി വെച്ചുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടികള്‍ പറയുന്നു. കശ്മീര്‍ ഭരണകൂടത്തെ സഹായിക്കുന്ന സൈനികരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടം തീര്‍ത്തും പരാജയപ്പെട്ടു. സായുധ സേനക്കെതിരെ കല്ലെറിയുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ കടുത്ത ശിക്ഷയാണ് നിലവിലുള്ളതെന്നും ഹരജികളില്‍ ചൂണ്ടിക്കാട്ടിയതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി.






