ലെബനോന്‍ അംബാസഡറോട് രാജ്യം വിടാന്‍ സൗദി, ഉല്‍പന്നങ്ങള്‍ക്കും നിരോധം

റിയാദ്- സൗദിയിലെ ലബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സൗദി-ലബനോന്‍ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ലബനോന്‍ ഉല്‍പന്നങ്ങള്‍ക്ക് സൗദിയില്‍ ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി.
ബൈറൂത്തിലെ സൗദി അംബാസഡറോട് മടങ്ങിവരാനും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ സൗദിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ലബനീസ് പൗരന്മാരെ തീരുമാനം ബാധിക്കില്ലെന്ന് സൗദി ഔദ്യോഗിക ടി.വി അറിയിച്ചു.
ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ അഭിമുഖമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. യെമനിലെ യുദ്ധത്തെ അപലപിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ താന്‍ മന്ത്രിപദം ഏല്‍ക്കുന്നതിന് മുമ്പ് ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്ത അഭിമുഖമാണിതെന്ന് വ്യക്തമാക്കിയ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു. ലബനീസ് പ്രധാനമന്ത്രി, മന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രാജിവെക്കാന്‍ മന്ത്രി തയാറായില്ല.
റിയാദിലെ ലബനീസ് അംബാഡഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചിരുന്നു. ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ലബനോനെ പ്രതിഷേധമറിയിച്ചു. ഹൂത്തികള്‍ക്കെതിരെ സൗദി നയിക്കുന്ന സഖ്യസേനയില്‍ ഈ രാജ്യങ്ങളും പങ്കാളികളാണ്. മന്ത്രിയുടെ പ്രസ്താവന ഗള്‍ഫ് രാജ്യങ്ങളും ലബനോനുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.

 

Latest News