പുരോഗതിക്കും വികസനത്തിനും വിഘാതമായി നിന്ന സാമൂഹിക ഘടകങ്ങളെ ജനങ്ങൾക്ക് ആശയക്കുഴപ്പമോ അസ്വസ്ഥതയോ ഉണ്ടാക്കാതെ പാർശ്വവത്കരിക്കാൻ സാധിച്ചതാണ് സൗദി അറേബ്യ സാധ്യമാക്കിയ ക്ഷിപ്രമാറ്റങ്ങളുടെ അടിസ്ഥാനം. വ്യവസായ വികസനത്തിന്റെ നാല് സുപ്രധാന ഘടകങ്ങളെക്കുറിച്ച് ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നു ഭരണാധികാരികൾ. തലസ്ഥാന നഗരമായ റിയാദിനെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിലൊന്നായി മാറ്റാനുള്ള ഇഛാപൂർണമായ ശ്രമം അതിന്റെ ഭാഗമാണ്.
രാഷ്ട്രീയമായ ഇഛാശക്തിയാണ് പരിഷ്‌കരണങ്ങൾക്ക് ആവശ്യം -ഈ അടിസ്ഥാന തത്വത്തിന് സമകാലിക ലോകത്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ പറ്റുന്ന രാജ്യം സൗദി അറേബ്യയാണെന്ന് നിസ്സംശയം പറയാനാകും. ഇവിടെ നടക്കുന്ന മാറ്റത്തിന്റെ ഗതിവേഗവും അതുണ്ടാക്കുന്ന സാമൂഹിക പ്രതിഫലനവും ഈ വാദത്തിന് പൂർണമായും അടിവരയിടുന്നു. അഭൂതപൂർവമായ മാറ്റങ്ങളുടെ കുത്തൊഴുക്കാണ് രാജ്യത്ത് ദർശിക്കാനാവുന്നത്. കോവിഡ് പ്രതിസന്ധി അൽപമൊന്ന് ഉലച്ചെങ്കിലും, സാമ്പത്തിക വികസനത്തിന്റെ പന്ഥാവിലേക്ക് അതിവേഗം രാജ്യം തിരിച്ചെത്തിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ഒരാഴ്ച ലോകത്തിന്റെ കണ്ണുകൾ സൗദി അറേബ്യയിലായിരുന്നു എന്നതിൽ അതിശയോക്തിയില്ല. ശൈത്യത്തിന്റെ വരവിനൊപ്പമെത്തിയ റിയാദ് സീസൺ എന്ന മാമാങ്കവും പിന്നാലെയെത്തിയ സൗദി ആന്റ് മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് എന്ന മഹാസംരംഭവും ലോകത്തെ റിയാദിലേക്ക് തന്നെ നോക്കിയിരിക്കാൻ പ്രേരിപ്പിച്ചു. തൊട്ടുടനെ ആരംഭിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ അഞ്ചാം പതിപ്പ് ലോക സാമ്പത്തിക ക്രമത്തിന്റെ ശ്രദ്ധയെ ഇവിടെ പിടിച്ചുനിർത്തി.
വ്യവസായ വികസനത്തിന്റെ നാല് സുപ്രധാന ഘടകങ്ങളെക്കുറിച്ച് ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്നു ഭരണാധികാരികൾ. അതിൽ ഏറ്റവും പ്രധാനം ഘടനാപരമായ പരിഷ്‌കാരങ്ങളാണ്. സാമ്പത്തിക രംഗത്ത് കൊണ്ടുവരുന്ന വൈവിധ്യവൽക്കരണം, സ്വകാര്യ മേഖലയുടെ വർധിച്ച പങ്കാളിത്തം എന്നിവയോടൊപ്പം ഊർജ രൂപാന്തരം (ലിലൃഴ്യ ൃേമിളെീൃാമശേീി) കൂടിയാകുമ്പോൾ ചിത്രം പൂർത്തിയായി. ഈ നാല് ഘടകങ്ങളുടെ യാഥാർഥ്യ ബോധത്തോടെയുള്ള സങ്കലനമാണ് വിഷൻ 2030 എന്ന ബൃഹദ് പദ്ധതി. അത് സൗദി അറേബ്യയിൽ വരുത്തിയ മാറ്റങ്ങൾ ചില്ലറയല്ല.
എണ്ണയെ മാത്രം ആശ്രയിച്ചു കഴിയുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു സൗദി അറേബ്യയുടേത്. ഇന്ന് പൂർണമായും അത് മാറി. പാരമ്പര്യത്തിലധിഷ്ഠിതമായ സാമ്പത്തിക ചിന്തകളല്ല രാജ്യത്തെ നയിക്കുന്നത്, മറിച്ച് ചലനാത്മകവും ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കും സാങ്കേതിക വിദ്യയുടെ പുതുലോകത്തിനും അനുസൃതമായ പുതിയ ചിന്തകളാണ്. ഈ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമായിരുന്ന കാലത്തുനിന്നാണ് ആഗോള ടൂറിസ്റ്റുകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമായി സൗദി മാറുന്നത്.
പുരോഗതിക്കും വികസനത്തിനും വിഘാതമായി നിന്ന സാമൂഹിക ഘടകങ്ങളെ ജനങ്ങൾക്ക് ആശയക്കുഴപ്പമോ അസ്വസ്ഥതയോ ഉണ്ടാക്കാതെ പാർശ്വവത്കരിക്കാൻ സാധിച്ചതാണ് സൗദി അറേബ്യ സാധ്യമാക്കിയ ക്ഷിപ്രമാറ്റങ്ങളുടെ അടിസ്ഥാനം. പാരമ്പര്യത്തിൽനിന്ന് ആധുനികതയിലേക്കുള്ള ചിന്താമാറ്റം വളരെ വേഗമായിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി പൂർണമായും ഉപയോഗിക്കാനുള്ള നടപടികൾ, സ്വദേശികളുടെ തൊഴിലില്ലായ്മ കുറക്കുക മാത്രമല്ല ചെയ്തത്. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച ചിന്തയും തൊഴിൽ വൈദഗ്ധ്യം നേടാനുള്ള സൗകര്യങ്ങളും പ്രദാനം ചെയ്യുക കൂടിയാണ്. വിദേശി തൊഴിലാളികളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനുള്ള തീരുമാനം അതിന്റെ കൂടി ഫലമായിരുന്നു. അത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് നിർണായകമാണെന്ന് സൗദി കണ്ടറിഞ്ഞു.
തലസ്ഥാന നഗരമായ റിയാദിനെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിലൊന്നായി മാറ്റാനുള്ള ഇഛാപൂർണമായ ശ്രമങ്ങളാണ് ഫ്യൂച്ചർ ഇനിഷ്യേറ്റീവ് ഫോറത്തിൽ കണ്ടത്. ഓരോ മിനിട്ടിലും മാറുന്ന നഗരമെന്നാണ് റിയാദിനെക്കുറിച്ച് റിയാദ് ഹെഡ്ക്വാർട്ടേഴ്‌സ് പ്രോഗ്രാം തലവൻ ഹുസാം അൽ ഖുറാശി നൽകുന്ന വിശേഷണം. ലോകത്തെ ഏറ്റവും മികച്ച പത്ത് സാമ്പത്തിക നഗരങ്ങളിലൊന്നാക്കി റിയാദിനെ മാറ്റാനുള്ള ശ്രമങ്ങൾ മൂർധന്യത്തിലാണ്. ലോകോത്തരമായ ഒരു തലസ്ഥാന നഗരം -റിയാദിനെക്കുറിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഈ വീക്ഷണത്തിന് അനുസൃതമായി രൂപകൽപന ചെയ്ത പദ്ധതികളാകട്ടെ, വ്യക്തമായ ആസൂത്രണത്തോടെയും ദീർഘവീക്ഷണത്തോടെയുമാണ്.
മൂന്നു മാസം മുമ്പ് റിയാദിൽ വന്നുപോയ ഒരാൾക്കു പോലും വീണ്ടും വരുമ്പോൾ മാറ്റം അനുഭവപ്പെടും -റിയാദിൽ നടക്കുന്ന അഞ്ചാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കവേ, അൽ ഖുറാശി അഭിമാനത്തോടെ പറഞ്ഞു. റിയാദിലേക്ക് വൻകിട കമ്പനികളുടെ ആസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള പദ്ധതിയായ റിയാദ് ഹെഡ്ക്വാർട്ടേഴ്‌സ് പ്രോഗ്രാമിന്റെ തലവനായ ഖുറാശി ആത്മവിശ്വാസത്തിലാണ്. ശ്രമം തുടങ്ങി ഒരു വർഷം തികയും മുമ്പെ 44 ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനമാണ് റിയാദിലെത്തുന്നത്. ഹാലിബർട്ടൻ, സീമെൻസ്, യൂനിലിവർ, പെപ്‌സികോ, ഓയോ... ചില്ലറക്കാരല്ല റിയാദിൽ മേഖലാ ആസ്ഥാനങ്ങൾ തുറന്നിരിക്കുന്നത്. റിയാദ് ഹെഡ്ക്വാർട്ടേഴ്‌സ് പ്രോഗ്രാം ആരംഭിച്ച ശേഷം 24 കമ്പനികൾ ഇതിന് തയാറായി മുന്നോട്ടു വന്നിരുന്നു. ഫ്യൂച്ചർ ഇനീഷ്യേറ്റീവ് ഫോറത്തിൽ 20 കമ്പനികൾ കൂടി രംഗത്തു വന്നതോടെ എണ്ണം 44 ആയി. എന്നാൽ ഇവിടെയൊന്നുമല്ല സൗദിയുടെ നോട്ടം. 480 കമ്പനികളുടെ ആസ്ഥാനങ്ങൾ ഇവിടേക്ക് കൊണ്ടുവരാനാണ് അവർ പദ്ധതിയിട്ടിരിക്കുന്നത്. വിഷൻ 2030 പൂർത്തിയാകുമ്പോഴേക്കും ആ ലക്ഷ്യം കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
മധ്യപൗരസ്ത്യ ദേശത്ത് മിക്ക അന്താരാഷ്ട്ര കമ്പനികളും ആസ്ഥാനമായി കാണുന്നത് ദുബായ് ആണ്. ലോകോത്തരമായി വികസിച്ച ദുബായ് അവർക്ക് പ്രദാനം ചെയ്യുന്ന സൗകര്യങ്ങൾ ഏറെ വിപുലമാണ്. സൗദി അറേബ്യ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതും അതു തന്നെ. അതിലൂടെ രണ്ട് ലക്ഷ്യങ്ങൾ സൗദി ആഗ്രഹിക്കുന്നു. ഒന്ന്, വൻതോതിലുള്ള നിക്ഷേപം രാജ്യത്തെത്തുക. രണ്ട്, സൗദി യുവാക്കൾക്ക് കഴിവുകൾ പരിപോഷിപ്പിക്കാനും പരിചയ സമ്പത്തും വിജ്ഞാനവും വർധിപ്പിക്കാനുമുള്ള അവസരങ്ങൾ ലഭ്യമാക്കുക.
കമ്പനികളോടൊപ്പം വരുന്നത് പണം മാത്രമല്ലെന്നും മസ്തിഷ്‌കം കൂടിയാണെന്നുമുള്ള ഉത്തമ ബോധ്യത്തോടെയാണ് വിപുലമായ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മേഖലാ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുന്ന കമ്പനികൾ ആഗോള തലത്തിലെ വിദഗ്ധരെ സൗദിയിലേക്ക് കൊണ്ടുവരുമെന്നും ഇത് രാജ്യത്ത് ഗവേഷണങ്ങളുടെയും നൂതന ആശയങ്ങളുടെയും വികാസത്തിന് സഹായിക്കുമെന്നുമാണ് പ്രതീക്ഷ. ആഗോള കമ്പനികളുടെ വരവ് 2030 ഓടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ 6,700 കോടി റിയാൽ സംഭാവന ചെയ്യുമെന്നും 30,000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും കരുതുന്നു.
ബിസിനസിന്റെ ആധുനിക ലോകത്ത് സാങ്കേതിക വിദ്യയുടേയും ശക്തമായ ഇന്റർനെറ്റ് ശേഷിയുടേയും അനിവാര്യത സൗദി അറേബ്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗദിയുടെ മാത്രമല്ല, അതുൾപ്പെടുന്ന ഗൾഫ് മേഖലയേയും ഉത്തര ആഫ്രിക്കയേയും ശക്തമായ ഇന്റർനെറ്റ് വലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ബഹിരാകാശ മേഖലയിൽ വൻതോതിലുള്ള നിക്ഷേപമാണ് സൗദി തുറക്കുന്നത്. ഒപ്പം സ്വകാര്യ മേഖലക്ക് ഇവിടെയും മികച്ച പ്രാതിനിധ്യം നൽകാമെന്ന വാഗ്ദാനവുമുണ്ട്. സമീപ വർഷങ്ങളിൽ തന്നെ സൗദിയുടെ വാർത്താവിനിമയ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരുമെന്നതിൽ സംശയമില്ല. പുതിയ ലോകത്ത് ഈ രാജ്യത്തിന്റെ സവിശേഷവും അനിവാര്യവുമായ സാന്നിധ്യത്തിന്റെ അടയാളമായിരിക്കും അത്.